വാഷിങ്ടൺ: അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം മനുഷ്യന്റെ ചന്ദ്രദൗത്യത്തിലേക്ക് പുതിയ അധ്യായം തുറന്ന് ആർട്ടെമിസ് II വിജയകരമായി വിക്ഷേപിച്ചു. നാലുപേരടങ്ങുന്ന സംഘമാണ് ഈ ദൗത്യത്തിൽ പങ്കെടുക്കുന്നത്.
റീഡ് വൈസ്മാൻ ആണ് ദൗത്യത്തിന്റെ കമാൻഡർ. വിക്ടർ ഗ്ലോവർ (പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷൻ സ്പെഷ്യലിസ്റ്റ്), ജെറമി ഹാൻസെൻ (കനേഡിയൻ ബഹിരാകാശ ഏജൻസി) എന്നിവരാണ് മറ്റ് സംഘാംഗങ്ങൾ.
ഈ ദൗത്യത്തിലൂടെ ചന്ദ്രയാത്രയിൽ പങ്കാളിയാകുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ച് ചരിത്രം കുറിക്കും.
1972ലെ അപ്പോളോ 17 ശേഷം മനുഷ്യരെ വഹിച്ചുകൊണ്ടുള്ള പേടകം ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യമാണ് ഇത്. ഏകദേശം 10 ദിവസത്തെ യാത്രയിൽ സംഘം ചന്ദ്രനിൽ ഇറങ്ങില്ല; പകരം ചന്ദ്രനെ ചുറ്റി സഞ്ചരിച്ചു ഭൂമിയിലേക്ക് മടങ്ങും.
ഈ ദൗത്യം ബഹിരാകാശ ഗവേഷണത്തിലെ നിർണായക നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. നാസയുടെ നേതൃത്വത്തിലാണ് ദൗത്യം നടത്തുന്നത്. ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള മനുഷ്യ ദൗത്യങ്ങൾക്ക് ആവശ്യമായ സാങ്കേതികവിദ്യകളും സംവിധാനങ്ങളും വിലയിരുത്തുകയാണ് പ്രധാന ലക്ഷ്യം.
ഡീപ് സ്‌പേസ് സാഹചര്യങ്ങളിൽ പേടകത്തിന്റെ നിയന്ത്രണം, ആശയവിനിമയം, ജീവൻരക്ഷാ സംവിധാനങ്ങൾ എന്നിവയും ഈ ദൗത്യത്തിൽ പരിശോധിക്കും.
വിക്ഷേപണം നടന്നത് കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39ബി ലാണ്. നാസയുടെ ഏറ്റവും ശക്തമായ റോക്കറ്റായ സ്‌പേസ് ലോഞ്ച് സിസ്റ്റം (SLS) ഉപയോഗിച്ചാണ് വിക്ഷേപണം നടത്തിയത്. ഈ റോക്കറ്റിൽ ഘടിപ്പിച്ച *ഓറിയോൺ ബഹിരാകാശ പേടകത്തിലാണ് ബഹിരാകാശ യാത്രികർ സഞ്ചരിക്കുന്നത്.








































