ദിസ്പൂർ: അസം നിയമസഭ തെരഞ്ഞെടുപ്പിൽ എന്‍.ഡി.എ സഖ്യം വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു. നിലവിലെ ഫലസൂചനകൾ പ്രകാരം ബി.ജെ.പി നേതൃത്വം നൽകുന്ന സഖ്യം സംസ്ഥാനത്ത് വീണ്ടും ഭരണം ഉറപ്പിക്കുന്ന നിലയിലാണ്.
126 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിനായി 64 സീറ്റുകൾ ആവശ്യമാണ്. ഇതിനകം തന്നെ 50 ശതമാനത്തിന് മുകളിലുള്ള സീറ്റുകളിൽ എന്‍.ഡി.എ മുന്നിലാണ്. ബി.ജെ.പി മാത്രം 78 സീറ്റുകളിൽ ലീഡ് നേടി മുന്നേറുന്നു.
കോൺഗ്രസ് 24 സീറ്റുകളിൽ മാത്രമാണ് ലീഡ് നിലനിർത്തുന്നത്. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് 10 മണ്ഡലങ്ങളിലും അസം ഗണ പരിഷത്ത് ഒമ്പത് മണ്ഡലങ്ങളിലും മുന്നിലാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മത്സരിക്കുന്ന മണ്ഡലത്തിലും ബി.ജെ.പി ശക്തമായ ലീഡ് നിലനിർത്തുന്നുണ്ട്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ് മത്സരിക്കുന്ന മണ്ഡലത്തിലും ബി.ജെ.പി മുന്നേറ്റമാണ്.
എക്സിറ്റ് പോൾ ഫലങ്ങളും എന്‍.ഡി.എയ്ക്ക് അനുകൂലമായിരുന്നു. 85 മുതൽ 95 വരെ സീറ്റുകൾ എന്‍.ഡി.എ സഖ്യം നേടുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഇത്തവണ 85.38 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യത്തിന് 75 സീറ്റുകളും കോൺഗ്രസ് സഖ്യത്തിന് 50 സീറ്റുകളും ലഭിച്ചിരുന്നു. ആ പ്രവണത തുടരുന്ന രീതിയിലാണ് ഇത്തവണയും ഫലസൂചനകൾ പുറത്തുവരുന്നത്.
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അന്തിമ ചിത്രം കൂടുതൽ വ്യക്തമാകുമെങ്കിലും നിലവിലെ കണക്കുകൾ പ്രകാരം അസമിൽ എന്‍.ഡി.എയുടെ ഭരണത്തുടർച്ച ഉറപ്പായതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.










