ഷാർജ: യുഎഇയിലെ പ്രവാസി കായിക പ്രേമികളെ ആവേശത്തിലാഴ്ത്തി ഒരു മാസക്കാലമായി നടന്ന ബി.എൻ.ഡബ്ല്യു അക്കാഫ് പ്രൊഫഷണൽ ലീഗ് (APL 2026) അഞ്ചാം സീസണിന് ഷാർജ വിഷൻ ക്രിക്കറ്റ് സെന്ററിൽ ഉജ്ജ്വല സമാപനം. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ എതിരാളികളെ നിഷ്പ്രഭരാക്കി സി.എച്ച്.എം.എം വർക്കല തുടർച്ചയായ നാലാം തവണയും കിരീടം ചൂടി അപൂർവ്വമായ ചരിത്രനേട്ടം സ്വന്തമാക്കി. പ്രവാസി കലാലയങ്ങളുടെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ തമ്മിലുള്ള സൗഹൃദവും കായികക്ഷമതയും ഊട്ടിയുറപ്പിച്ച ടൂർണമെന്റ്, സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും യുഎഇയിലെ പ്രമുഖ കായിക മാമാങ്കമായി മാറി.
അക്കാഫ് ഇവന്റ്സ് പ്രസിഡന്റ് ചാൾസ് പോളിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ ഷാബു കിളിത്തട്ടിൽ, ഐസക് ജോൺ പട്ടാണിപ്പറമ്പിൽ തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുത്തു. മെൻസ് വിഭാഗത്തിൽ പി.എ കോളേജ് ഓഫ് എഞ്ചിനീയറിംഗിനെ പരാജയപ്പെടുത്തിയാണ് വർക്കല സി.എച്ച്.എം.എം കിരീടം നിലനിർത്തിയത്. വനിതകളുടെ വിഭാഗത്തിൽ റോയൽ സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാരായപ്പോൾ റാക് വാരിയേഴ്സ് റണ്ണറപ്പുകളായി. ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച അക്ഷയ് ജോട്ടിൽ (മെൻസ്), ശ്രീദേവി (വുമൺസ്) എന്നിവർ പ്ലെയർ ഓഫ് ദി ഫൈനൽ അവാർഡിന് അർഹരായി.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഗവ. കോളേജ് കാസർഗോഡിലെ റിയാസ് മുഹമ്മദിനെ പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുത്തു. ബാറ്റിംഗിലും ബൗളിംഗിലും മിന്നും പ്രകടനം കാഴ്ചവെച്ച സി.എച്ച്.എം.എം വർക്കലയുടെ റമീസ് അബ്ദുൽ കരീം, ജിഷ്ണു സുനിൽ കുമാർ എന്നിവർ യഥാക്രമം ബെസ്റ്റ് ബാറ്റർ, ബെസ്റ്റ് ബൗളർ പുരസ്കാരങ്ങൾ സ്വന്തമാക്കി. 30 പന്തിൽ സെഞ്ച്വറി തികച്ച കുസാറ്റിലെ ജുനൈദ് ഷാംസുവിന്റെ പ്രകടനവും കാണികളെ വിസ്മയിപ്പിച്ചു. ടൂർണമെന്റിന്റെ വിജയത്തിനായി അശ്രാന്തം പരിശ്രമിച്ച ജനറൽ കൺവീനർ രാജാറാം ഷാ, സ്ട്രാറ്റജിക് അഡ്വൈസർ ബിന്ദു ആന്റണി എന്നിവരുടെ നേതൃത്വം ചടങ്ങിൽ പ്രത്യേക അഭിനന്ദനം ഏറ്റുവാങ്ങി.
മത്സരങ്ങൾക്കപ്പുറം പ്രവാസികൾക്കായി ഒരുക്കിയ വിനോദ പരിപാടികൾ ടൂർണമെന്റിനെ കൂടുതൽ ആകർഷകമാക്കി. അക്കാഫ് വനിതാ വിഭാഗം ഒരുക്കിയ പരമ്പരാഗത ‘തട്ടുകട’യും ഇന്ത്യ–പാകിസ്ഥാൻ ലോകകപ്പ് മത്സരം കാണാനുള്ള ബിഗ് സ്ക്രീൻ സൗകര്യവും കാണികൾക്ക് ഉത്സവ പ്രതീതിയാണ് നൽകിയത്. സൗഹൃദ മത്സരത്തിൽ അക്കാഫ് ക്യാമ്പസ് ഇലവനെ തോൽപ്പിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ടീം വിജയികളായി. യുഎഇയിലെ മലയാളി കൂട്ടായ്മകളുടെ ഐക്യം പ്രകടമാക്കിയ ഈ കായിക മേള, വരും വർഷങ്ങളിലും കൂടുതൽ ആവേശത്തോടെ തിരിച്ചെത്തുമെന്ന ഉറപ്പോടെയാണ് സമാപിച്ചത്.









































