കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുന്നണിയുടെ പ്രധാന മുഖമായ മുഖ്യമന്ത്രി പിണറായി വിജയൻ ധർമടം മണ്ഡലത്തിൽ പിന്നിലായിരിക്കുന്നതോടെ രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾ ഉയരുന്നു. മൂന്ന് റൗണ്ടുകൾ പൂർത്തിയായപ്പോൾ പിണറായി വിജയൻ 2077 വോട്ടിന് പിന്നിലാണ്.
യു.ഡി.എഫ് സ്ഥാനാർഥിയായ അഡ്വ. വി.പി. അബ്ദുൽ റഷീദ് 17,647 വോട്ടുകൾ നേടി മുന്നിലാണ്. പിണറായി വിജയന് 15,570 വോട്ടുകളാണ് ലഭിച്ചത്. ആദ്യ റൗണ്ടിൽ ലീഡ് നേടിയിരുന്നെങ്കിലും തുടർന്ന് നടന്ന രണ്ടും മൂന്നും റൗണ്ടുകളിൽ പിണറായി ലീഡ് നഷ്ടപ്പെടുത്തി പിന്നിലായി.
സി.പി.എം ശക്തികേന്ദ്രമായി കണക്കാക്കുന്ന ചെമ്പിലോട് പഞ്ചായത്തിലടക്കം ഇത്തവണ മുഖ്യമന്ത്രി പിന്നിലായിരിക്കുന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏകദേശം 3500 വോട്ടിന്റെ ലീഡ് നേടിയിരുന്ന പ്രദേശങ്ങളിലായിരുന്നു ഈ തിരിച്ചടി.
വോട്ടെണ്ണൽ ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് യു.ഡി.എഫ് മുന്നേറ്റം ശക്തമാകുന്നതായാണ് സൂചന. നിലവിലെ കണക്കുകൾ പ്രകാരം യു.ഡി.എഫ് 90 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. എൽ.ഡി.എഫ് 57 സീറ്റുകളിലും എൻ.ഡി.എ അഞ്ച് സീറ്റുകളിലും മുന്നിലാണ്.
മുഖ്യമന്ത്രിക്കൊപ്പം നിരവധി മന്ത്രിമാരും പിന്നിലായിരിക്കുന്നതും എൽ.ഡി.എഫ് സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. യു.ഡി.എഫ് നേതാക്കൾ പല മണ്ഡലങ്ങളിലും മുന്നിലാണ്.
വോട്ടെണ്ണൽ തുടരുന്നതിനാൽ അന്തിമ ചിത്രം മണിക്കൂറുകൾക്കകം വ്യക്തമാകുമെങ്കിലും നിലവിലെ പ്രവണതകൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കാമെന്നതാണ് സൂചന.















































