ദുബൈ: സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലും ലഭ്യമാക്കുന്നതിനായി ദുബൈയിൽ എല്ലാ സർക്കാർ സേവനങ്ങളും ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റാൻ നിർദേശം നൽകി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
ഒരു വർഷത്തിനകം വ്യക്തിഗതവും ബിസിനസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരൊറ്റ സംവിധാനത്തിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. ‘ഡിജിറ്റൽ ദുബൈ’ സന്ദർശനത്തിനിടെയാണ് അദ്ദേഹം ഈ നിർദേശം നൽകിയത്.
ഇതിനൊപ്പം, ഡാറ്റയും നിർമിത ബുദ്ധിയും (AI) അടിസ്ഥാനമാക്കിയുള്ള സമഗ്ര ഡിജിറ്റൽ നഗരത്തിലേക്ക് ദുബൈ വേഗത്തിൽ മുന്നേറുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഡാറ്റ ഏകീകരണത്തിലൂടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.
ഈ പദ്ധതിയുടെ ഭാഗമായി നിരവധി പുതിയ സംരംഭങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. ലൈവ് ഡാറ്റയും എ.ഐ സാങ്കേതികവിദ്യയും ഉപയോഗിച്ച് നഗരനിർവഹണം കൂടുതൽ സ്മാർട്ടാക്കും.
അതേസമയം, സർക്കാർ സേവനങ്ങൾ ലളിതമാക്കുകയും സമയം കുറക്കുകയും ജനങ്ങൾക്ക് തടസ്സമില്ലാത്ത അനുഭവം നൽകുകയും ചെയ്യുന്നതാണ് പ്രധാന ലക്ഷ്യം. ഡിജിറ്റൽ മാറ്റം സാമ്പത്തിക വളർച്ചയ്ക്കും സഹായകരമാകുമെന്ന് വിലയിരുത്തുന്നു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ പദ്ധതിയിലൂടെ ദുബൈയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദുബൈയെ ലോകത്തിലെ മുൻനിര എ.ഐ റെഡിനസ് നഗരങ്ങളിലൊന്നാക്കാനും പദ്ധതിയുണ്ട്.
ഇതിനൊപ്പം, സർക്കാർ തീരുമാനങ്ങളിൽ 80 ശതമാനം വരെ എ.ഐയുടെ പങ്ക് വർധിപ്പിക്കാനും ഉദ്യോഗസ്ഥരുടെ സാങ്കേതിക കഴിവുകൾ മെച്ചപ്പെടുത്താനും നടപടികൾ സ്വീകരിക്കും.
ഡാറ്റാ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിന് പ്രത്യേക സംവിധാനങ്ങളും ഒരുക്കും. പദ്ധതിയുടെ ഏകോപനം ‘ഡിജിറ്റൽ ദുബൈ’ ആയിരിക്കും നിർവഹിക്കുക.
ഇതോടെ, ദുബൈയെ ലോകത്തിലെ മുൻനിര ഡിജിറ്റൽ നഗരമാക്കി ഉയർത്തുന്നതിനൊപ്പം ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.








































