ദുബൈ: ഈദുൽ ഫിത്വർ അവധിക്കാലത്ത് ദുബൈയിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. പ്രധാന ബീച്ചുകളിൽ പ്രവേശനം കുടുംബങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ജുമൈറ 1, 2, 3, ഉമ്മു സുഖൈം 1, 2, നൈറ്റ് ബീച്ചുകൾ എന്നിവിടങ്ങളിലാണ് കുടുംബങ്ങൾക്ക് മാത്രം പ്രവേശനം അനുവദിച്ചത്. കുടുംബ സൗഹൃദ പ്രവർത്തനങ്ങൾ, സാംസ്കാരിക പരിപാടികൾ, കുട്ടികൾക്കായുള്ള വർക്ക്‌ഷോപ്പുകൾ, തത്സമയ പ്രകടനങ്ങൾ എന്നിവ ബീച്ചുകളിൽ ഒരുക്കിയിട്ടുണ്ട്.
കമ്യൂണിറ്റി ലേബർ മാർക്കറ്റുകളിൽ നടക്കുന്ന ഈദ് ആഘോഷങ്ങളിൽ ഏകദേശം 30,000 തൊഴിലാളികൾ പങ്കെടുക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. വിവിധ സമൂഹങ്ങളെ ഉൾക്കൊള്ളുന്ന ആഘോഷങ്ങൾക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഈ പരിപാടികൾ.
ദുബൈ മുനിസിപ്പാലിറ്റി നഗരത്തിലെ പ്രധാന പാർക്കുകളായ മുഷ്‌രിഫ്, അൽ മംസാർ, സഅബീൽ പാർക്ക് എന്നിവിടങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. വൈകിട്ട് 4 മുതൽ 7 വരെ പരമ്പരാഗത മധുരപലഹാര നിർമ്മാണം, ഗിവ് എവേ പരിപാടികൾ എന്നിവ നടക്കും.
ഈ വർഷം ആദ്യമായി നാദൽ ശിബ പാർക്കിലും ഈദ് ആഘോഷങ്ങൾ നടക്കും. കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായ മൊധേഷ്, ദാന എന്നിവരും പരിപാടികളിൽ പങ്കെടുക്കും.
പെരുന്നാൾ തിരക്കിനിടെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കാൻ ശക്തമായ പരിശോധന സംവിധാനമാണ് ഒരുക്കിയത്. 2,800 ശുചിത്വ പരിശോധകരും 800ഓളം വാഹനങ്ങളും ഇതിനായി വിന്യസിച്ചിട്ടുണ്ട്. വാട്ടർഫ്രണ്ട് മാർക്കറ്റ്, ദുബൈ ഫുഡ് ഹബ്, ഷോപ്പിംഗ് മാളുകൾ, ബീച്ചുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാന പരിശോധന.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി 150 ഭക്ഷ്യ ഔട്ട്‌ലെറ്റുകളിൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സെന്ററുകൾ, ഫിറ്റ്നസ് സെന്ററുകൾ, ഹോട്ടലുകൾ, ലേബർ ക്യാമ്പുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തി.
നഗരത്തിന്റെ ശുചിത്വം നിലനിർത്താൻ 2,876 ശുചിത്വ ജീവനക്കാരും 280 സൂപ്പർവൈസർമാരും 24 മണിക്കൂറും പ്രവർത്തിക്കും.








































