ദുബായ്: ലോകത്തിന്റെ ഏത് കോണിലെ വേദനകൾക്കും മുന്നിൽ കാരുണ്യത്തിന്റെ വാതിലുകൾ മലർക്കെ തുറന്നിടുന്ന ദുബായുടെ വലിയ മനസ്സ് വീണ്ടും വാർത്തയാകുന്നു. അപൂർവ്വ അസ്ഥിരോഗം ബാധിച്ച് ദുരിതത്തിലായ പാകിസ്ഥാനിൽ നിന്നുള്ള ഒരു കുരുന്നിനും കുടുംബത്തിനും ക്ലിനിക്കൽ ട്രയലിനായി അതിവേഗം വിസയൊരുക്കി നൽകിയ ദുബായ് ജി.ഡി.ആർ.എഫ്.എയുടെ നടപടി ഹൃദയം തൊടുകയാണ്.
കുരുന്നുകളുടെ ചികിത്സയിൽ ഓരോ നിമിഷവും എത്രത്തോളം വിലപ്പെട്ടതാണെന്ന് അധികൃതർക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ, നിയമങ്ങളുടെയും ചുവപ്പുനാടകളുടെയും നൂലാമാലകളിൽ കുടുങ്ങി ആ കുട്ടിയുടെ ചികിത്സ ഒരു നിമിഷം പോലും വൈകരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. ക്ലിനിക്കൽ ട്രയലിനായി ദുബായിലെത്തേണ്ടിയിരുന്ന ആ കുട്ടിക്ക് എല്ലാ മുൻഗണനകളും നൽകി, അതിവേഗത്തിൽ വിസ നടപടികൾ പൂർത്തിയാക്കിയ ജി.ഡി.ആർ.എഫ്.എയുടെ ഇടപെടൽ ഒരർത്ഥത്തിൽ ഒരു ജീവന്റെ കാവലാളാകുകയായിരുന്നു.


ഈ വലിയ സ്നേഹത്തിന് മെഡിക്കൽ ലോകത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കാനായി അൽ ജലീല ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പ്രമുഖ വിദഗ്ധനും ക്ലിനിക്കൽ ഗവേഷകനുമായ പ്രൊഫസർ മുഹമ്മദ് സുൽഫിക്കറും സംഘവും ദുബായ് ജി.ഡി.ആർ.എഫ്.എ ആസ്ഥാനത്തെത്തി. മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ മർറി അദ്ദേഹത്ത ഊഷ്മളതയോടെ സ്വീകരിച്ചു. ഒരു കുരുന്നിന് മികച്ച ചികിത്സ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ കാണിച്ച ഈ വലിയ മനസ്സിനും പിന്തുണയ്ക്കും അദ്ദേഹം അവരോട് നന്ദി പറഞ്ഞു.
കുട്ടികളിൽ കാണപ്പെടുന്ന അതിതീവ്രവും അപൂർവ്വവുമായ അസ്ഥിരോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ കണ്ടെത്തുന്നതിനായി അൽ ജലീല ആശുപത്രി നടത്തുന്ന പോരാട്ടങ്ങൾക്ക് ഇത്തരം പിന്തുണകൾ നൽകുന്ന ഊർജ്ജം വലുതാണെന്ന് പ്രൊഫസർ മുഹമ്മദ് സുൽഫിക്കർ വ്യക്തമാക്കി. ഭരണപരമായ കാര്യങ്ങളിൽ സർക്കാർ സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന ഈ അകമഴിഞ്ഞ പിന്തുണ മെഡിക്കൽ ഗവേഷണങ്ങൾക്ക് വലിയ വേഗതയാണ് നൽകുന്നത്.
അപൂർവ്വ രോഗങ്ങളെ ലക്ഷ്യമിട്ട് അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ക്ലിനിക്കൽ ട്രയലുകൾക്ക് യു.എ.ഇ നൽകുന്ന പിന്തുണ ലോകത്തിന് തന്നെ വലിയ മാതൃകയാണ്. ഇതിലൂടെ മെഡിക്കൽ റിസർച്ച് രംഗത്ത് ലോകത്തിന്റെ മുൻനിരയിലേക്ക് ദുബായ് ചുവടുവെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ സ്ഥാപനങ്ങളും ആരോഗ്യമേഖലയും ഇങ്ങനെ സ്നേഹത്തോടെ കൈകോർക്കുമ്പോൾ, അവിടെ ജനിക്കുന്നത് കേവലം പുതിയ ചികിത്സാ മാർഗങ്ങൾ മാത്രമല്ല; മറിച്ച്, വേദനകളില്ലാത്ത ഒരു ലോകം സ്വപ്നം കാണുന്ന ഒരുകൂട്ടം മാതാപിതാക്കളുടെ പ്രതീക്ഷകളും കുറേ കുരുന്നുകളുടെ നിഷ്കളങ്കമായ പുഞ്ചിരിയും കൂടിയാണെന്ന് ദുബായ് വീണ്ടും തെളിയിക്കുന്നു. സമൂഹത്തിന്റെ നന്മയ്ക്കായുള്ള ഇത്തരം കാരുണ്യപ്രവർത്തനങ്ങൾക്ക് തുടർന്നും പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ജി.ഡി.ആർ.എഫ്.എ അധികൃതരും ഉറപ്പുനൽകി.





































