എമിറേറ്റ്സ് ഐഡി, ഒ.ടി.പി എന്നിവ സർക്കാർ ഏജൻസികൾ ഫോണിലൂടെ ആവശ്യപ്പെടില്ല
ദുബായ്: ഫോണിലൂടെ വ്യക്തിവിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് ഇമിഗ്രേഷൻ (ജി.ഡി.ആർ.എഫ്.എ) താമസക്കാർക്കും ഉപഭോക്താക്കൾക്കും മുന്നറിയിപ്പ് നൽകി.
സർക്കാർ സ്ഥാപനങ്ങൾ ഒരിക്കലും എമിറേറ്റ്സ് ഐഡി നമ്പർ, പാസ്‌പോർട്ട് വിവരങ്ങൾ, വൺ-ടൈം പാസ്‌വേഡ് (OTP) പോലുള്ള അത്യന്തം സ്വകാര്യ വിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക പ്രതിനിധികളാണെന്ന വ്യാജേന അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾക്ക് പ്രതികരിക്കുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു.
ഇത്തരത്തിലുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ അടുത്തിടെ വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. മുൻപ് ബോധവൽക്കരണം നടത്തിയിട്ടുണ്ടെങ്കിലും, ആളുകൾ വീണ്ടും ഇത്തരം ചതികളിൽപ്പെടുന്ന സാഹചര്യമാണ് ശ്രദ്ധയിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.
വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ജി.ഡി.ആർ.എഫ്.എ, ഔദ്യോഗികവും അംഗീകൃതവുമായ മാർഗങ്ങളിലൂടെ മാത്രമേ സേവനങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്താവൂ എന്നും നിർദേശിച്ചു.സേവനങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കും Dubai Now ആപ്ലിക്കേഷൻ, ജി.ഡി.ആർ.എഫ്.എയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, @gdrfadubai സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങിയ വിശ്വസനീയ പ്ലാറ്റ്‌ഫോമുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് അധികൃതർ അഭ്യർത്ഥിച്ചു.
സൈബർ തട്ടിപ്പുകൾക്കെതിരെ സമൂഹത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കുകയും ജനങ്ങളെ സുരക്ഷിതരാക്കുകയും ചെയ്യുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.








































