ദുബായ്: യു.എ.ഇയിൽ പുതുതായി നിലവിൽ വന്ന ഇ-ഇൻവോയിസിംഗ് സംവിധാനത്തെക്കുറിച്ച് സാധാരണക്കാരായ വ്യാപാരികൾക്കും സംരംഭകർക്കും കൃത്യമായ ധാരണ നൽകുന്നതിനായി ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സൗജന്യ ഇ-ഇൻവോയിസിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ടാലി സോല്യൂഷൻസ്, മാട്രിക്സ് ടെക്നോളജീസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
ഇ-ഇൻവോയിസിംഗ് സംവിധാനത്തെക്കുറിച്ച് വ്യാപാരികളും സംരംഭകരും നേരത്തെ തന്നെ വ്യക്തമായ ധാരണ നേടുകയും അതിനനുസരിച്ച് തങ്ങളുടെ ബിസിനസ് സംവിധാനങ്ങൾ ക്രമീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്ത് ദുബായ് കെ.എം.സി.സി വൈസ് പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി പറഞ്ഞു. പുതിയ സംവിധാനവുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിനും പ്രായോഗികമായി അത് എങ്ങനെ നടപ്പാക്കാമെന്ന് മനസ്സിലാക്കുന്നതിനും ഇത്തരം ബോധവൽക്കരണ പരിപാടികൾ ഏറെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു.
ദുബായ് കെ.എം.സി.സി നേതാക്കളായ ഹംസ തോട്ടി, അഫ്സൽ മെട്ടമ്മൽ, അബ്ദുൽ ഖാദർ അരിപ്രാമ്പ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ സലാം തട്ടാനിച്ചേരി,, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മുഹ്സിൻ, ആസിഫ് ഹൊസങ്കടി, സി.എ. ബഷീർ പള്ളിക്കര സിദ്ധീഖ് ചൗക്കി എന്നിവർ സംസാരിച്ചു.
വർക്ക്ഷോപ്പിൽ ഇ-ഇൻവോയിസിംഗുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ആരിഫ് മാട്രിക്സ്, അബ്ദുള്ള മാട്രിക്സ് എന്നിവരും ടാലി ടീം അംഗങ്ങളായ അഭിമന്യു, പ്രവീൺ, അതുൽ, റാം എന്നിവരും ക്ലാസുകൾക്ക് നേതൃത്വം നൽകി.
ആക്ടിംഗ് ജനറൽ സെക്രട്ടറി അഷ്റഫ് ബായാർ സ്വാഗതവും സെക്രട്ടറി പി.ഡി. നൂറുദ്ധീൻ നന്ദിയും പറഞ്ഞു










