ദുബായ്: ഗൾഫ് പ്രവാസികൾക്ക് ഇക്കുറി ആവേശകരമായ ബലിപെരുന്നാൾ ആഘോഷത്തിന് കളമൊരുങ്ങുന്നു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം മേയ് അവസാന വാരത്തിൽ എത്തുന്ന പെരുന്നാൾ അവധികൾ വാരാന്ത്യങ്ങളോട് ചേർന്നു വരുന്നതിനാൽ, പ്രവാസികൾക്ക് ലഭിക്കുക ദീർഘമായ വിശ്രമവേളയാണ്. മേയ് 27-ന് ബലിപെരുന്നാൾ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു.
ഒൻപതു ദിവസത്തെ സുദീർഘമായ അവധി എങ്ങനെ?
യുഎഇ മന്ത്രിസഭയുടെ ഔദ്യോഗിക കലണ്ടർ അനുസരിച്ച് അറഫാ ദിനത്തിനും ബലിപെരുന്നാളിനുമായി നാല് ദിവസത്തെ പൊതുഅവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
- മേയ് 26 (ചൊവ്വ): അറഫാ ദിനം (അവധി ആരംഭിക്കുന്നു)
- മേയ് 27 മുതൽ 29 വരെ (ബുധൻ, വ്യാഴം, വെള്ളി): ബലിപെരുന്നാൾ അവധി.
ഈ നാല് ദിവസത്തെ അവധിക്ക് തൊട്ടുപിന്നാലെ ശനി, ഞായർ (മേയ് 30, 31) വാരാന്ത്യ അവധികൾ കൂടി എത്തുന്നതോടെ തുടർച്ചയായി ആറു ദിവസത്തെ അവധി ഉറപ്പായിക്കഴിഞ്ഞു. എന്നാൽ, ഇതിനും മുൻപുള്ള തിങ്കളാഴ്ച (മേയ് 25) കൂടി അവധി എടുക്കുന്നവർക്ക് തൊട്ടുമുൻപത്തെ ശനി, ഞായർ (മേയ് 23, 24) ഉൾപ്പെടെ തുടർച്ചയായ 9 ദിവസത്തെ ‘സൂപ്പർ ലോങ്ങ് ഹോളിഡേ’ ആസ്വദിക്കാൻ സാധിക്കും.
പുണ്യത്തിന്റെ ദിനങ്ങൾ; ഹജ് കർമങ്ങൾക്ക് തുടക്കമാവുന്നു
വിശ്വാസികൾക്ക് ഏറെ പുണ്യകരമായ ഹജ് കർമങ്ങൾ മേയ് 25-ന് ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ദുൽഹജ് ഒൻപതാം ദിനമായ മേയ് 26-ന് തീർഥാടകർ അറഫാ മൈതാനിയിൽ സംഗമിക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ഹജ് കർമങ്ങൾ മേയ് 29, 30 ഓടെ പൂർത്തിയാകും. ഹജിന് പോകാൻ സാധിക്കാത്ത വിശ്വാസികൾക്ക് പ്രാർത്ഥനകൾക്കും വ്രതാനുഷ്ഠാനങ്ങൾക്കും ഏറെ പ്രാധാന്യമുള്ളതാണ് അറഫാ ദിനം.
യാത്രാക്ലേശം ആശങ്കയായി തുടരുന്നു
ദീർഘമായ അവധി ലഭിക്കുമെന്നത് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നുണ്ടെങ്കിലും, വിമാന ടിക്കറ്റ് നിരക്കിലെ വർധനവ് മലയാളി പ്രവാസികൾക്ക് തിരിച്ചടിയാവുന്നുണ്ട്. നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ഇപ്പോഴും ഉയർന്ന ടിക്കറ്റ് നിരക്ക് വലിയൊരു പ്രതിസന്ധിയായി തുടരുകയാണ്. എങ്കിലും, അവധി ദിനങ്ങളിൽ യുഎഇയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുവിടങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമിറേറ്റുകളിൽ ഉടനീളം പെരുന്നാൾ ആഘോഷങ്ങൾക്കായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.








































