ദുബൈ: ഇന്ത്യയിലും വിദേശത്തുമായി 20,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന മഹത്തായ പദ്ധതിയുമായി മലയാളി സ്ഥാപനം ഫെസ്‌കോ ഗ്രൂപ്പ് രംഗത്ത്. 10,000 കോടി രൂപ മൂല്യമുള്ള 78 പുതിയ പദ്ധതികളിലൂടെയാണ് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക.
റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, പ്രോജക്ട് മാനേജ്മെന്റ് മേഖലകളിലാണ് പ്രധാനമായും തൊഴിൽ സാധ്യതകൾ ഉണ്ടാകുക. ആദ്യഘട്ടമായി മലബാർ മേഖലയിൽ 10 പദ്ധതികൾ ആരംഭിക്കും. തുടർന്ന് 2028നുള്ളിൽ കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിലെ പ്രധാന നഗരങ്ങളിൽ 14 പദ്ധതികൾ കൂടി നടപ്പാക്കാനാണ് പദ്ധതി.
2030നുള്ളിൽ പ്രവർത്തനം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കും. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഭുവനേശ്വർ തുടങ്ങിയ നഗരങ്ങളിൽ 30 പദ്ധതികൾ നടപ്പാക്കും.
അവസാനഘട്ടമായി ദുബൈ, ഷാർജ തുടങ്ങിയ അന്താരാഷ്ട്ര ബിസിനസ് ഹബുകളിലായി ടൗൺഷിപ്പുകൾ ഉൾപ്പെടെ 22 പദ്ധതികൾ നടപ്പാക്കാനാണ് ലക്ഷ്യം.
ഫെസ്‌കോ ഗ്രൂപ്പിന്റെ ‘വിഷൻ 2040’ പ്രഖ്യാപനച്ചടങ്ങായ ‘ഫെസ്‌കോ ദ ഫ്യൂച്ചർ’ ദുബൈയിലെ മിലേനിയം പ്ലാസ ഹോട്ടലിൽ സംഘടിപ്പിക്കും. ചടങ്ങിൽ ദേശീയ-അന്താരാഷ്ട്ര രംഗത്തെ പ്രമുഖർ പങ്കെടുക്കും.









































