ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ ദുർബലരായ നമീബിയയെ തകർത്തു ഇന്ത്യയുടെ വമ്പൻ മുന്നേറ്റം. 210 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന നമീബിയ 18.2 ഓവറിൽ 116 റൺസിന് ഓൾഔട്ടായി. 93 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. റൺ അടിസ്ഥാനത്തിൽ ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.
ഓൾറൗണ്ട് പ്രകടനവുമായി കളം നിറഞ്ഞത് ഹാർദിക് പാണ്ഡ്യയാണ്. ബാറ്റിങ്ങിൽ അർധസെഞ്ച്വറി നേടിയ താരം ബൗളിങ്ങിലും രണ്ട് വിക്കറ്റ് വീഴ്ത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയം നേടിയതോടെ ഗ്രൂപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.
ഇന്ത്യക്കായി വരുൺ ചക്രവർത്തി രണ്ടോവറിൽ ഏഴ് റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റ് വീഴ്ത്തി. നമീബിയക്കായി 29 റൺസ് നേടിയ ലോറൻ സ്റ്റീൻകാമ്പാണ് ടോപ് സ്കോറർ.
ഇഷാനും ഹാർദിക്കും അർധസെഞ്ച്വറി
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടി. ഓപണറായി എത്തിയ Ishan Kishan 24 പന്തിൽ 61 റൺസ് നേടി തകർപ്പൻ തുടക്കം നൽകി. മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ 22 റൺസ് നേടിയ Sanju Samsonയും വേഗതയാർന്ന തുടക്കം സമ്മാനിച്ചു.
ക്യാപ്റ്റൻ Suryakumar Yadavക്ക് 12 റൺസ് മാത്രമാണ് നേടാനായത്. 21 പന്തിൽ 25 റൺസ് നേടിയ തിലക് വർമയും പുറത്തായി. തുടക്കത്തിൽ പതിയെ കളിച്ച ഹാർദിക് പാണ്ഡ്യ 28 പന്തിൽ 52 റൺസ് നേടി ഇന്നിംഗ്സ് ശക്തമാക്കി. നാലു സിക്സും നാലു ഫോറും ഉൾപ്പെട്ട ഇന്നിംഗ്സായിരുന്നു അത്.
അവസാന ഓവറുകളിൽ ശിവം ദുബെ (23), അക്സർ പട്ടേൽ (0), റിങ്കു സിങ് (1), അർഷ്ദീപ് സിങ് (2) എന്നിവർ പുറത്തായി. വരുൺ ചക്രവർത്തി പുറത്താകാതെ നിന്നു.
ഞായറാഴ്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.










































