ഗാന്ധിനഗർ: ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടയിലും ഇന്ത്യയ്ക്ക് ആശ്വാസമായി ഹുർമുസ് കടലിടുക്ക് കടന്ന് രണ്ട് എൽ.പി.ജി കപ്പലുകൾ സുരക്ഷിതമായി രാജ്യത്തെത്തി. ഏകദേശം 47,000 മെട്രിക് ടൺ പാചകവാതകവുമായി കപ്പലുകൾ ഗുജറാത്തിലെ ജാംനഗറിലുള്ള വടിനാർ ടെർമിനലിൽ സുരക്ഷിതമായി എത്തിച്ചേർന്നത്.
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ നിരീക്ഷണത്തിലാണ് ചരക്കുകപ്പലുകൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ എത്തുമെന്നാണ് പ്രതീക്ഷ.
ഗുജറാത്ത് തീരത്ത് എത്തിയ കപ്പലുകളിൽ ഒന്നായ ‘എം.ടി ജഗ് വസന്ത്’ (MT Jag Vasant) മറ്റൊരു കപ്പലിലേക്ക് പാചകവാതകം മാറ്റുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ, പേർഷ്യൻ ഗൾഫിൽ ഇന്ത്യൻ പതാകയുള്ള 20 കപ്പലുകളും 540-ഓളം ജീവനക്കാരും സുരക്ഷിതരാണെന്ന് തുറമുഖ-ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിത ഗതാഗതം ഉറപ്പാക്കുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ എൽ.പി.ജി ഉപഭോഗത്തിന്റെ 70 ശതമാനവും ഗൃഹോപയോഗത്തിനായുള്ളതായതിനാൽ, ഗൾഫ് മേഖലയിലെ വിതരണ പുനരാരംഭം വലിയ ആശ്വാസമായി വിലയിരുത്തുന്നു.
ഷിപ്പിങ് ഡയറക്ടറേറ്റ് ജനറലിന്റെ നിയന്ത്രണത്തിലുള്ള കമ്മ്യൂണിക്കേഷൻ സെന്റർ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യൻ കപ്പലുകൾക്കോ നാവികർക്കോ എതിരെ യാതൊരു അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.







































