തിരുവനന്തപുരം: അന്താരാഷ്ട്ര ക്രിക്കറ്റ് പോരാട്ടത്തിന്റെ ആവേശം ഉയർത്തി ഇന്ത്യയും ന്യൂസിലാൻഡ് ടീമുകളും കേരളത്തിന്റെ തലസ്ഥാന നഗരിയിലെത്തി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയായ ശനിയാഴ്ച വൈകിട്ട് ഏഴിന് നടക്കുന്ന മത്സരത്തിനായാണ് ഇരു ടീമുകളും തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തിൽ താരങ്ങൾക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്.
വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ ആരാധകരുടെ ആവേശം സഞ്ജു സാംസന്റെ സാന്നിധ്യത്തോടെ കൊടുമുടിയിലെത്തി. ഇന്ത്യൻ ടീം പുറത്തേക്ക് വരുന്നതിനിടെ ആരാധകർ സഞ്ജുവിനായി ആർപ്പുവിളി ഉയർത്തി. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സഞ്ജുവിന് വഴിയൊരുക്കി മുന്നോട്ട് നയിച്ചത്.
ഇന്ത്യ–ന്യൂസിലാൻഡ് ട്വന്റി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരമാണ് ശനിയാഴ്ച നടക്കുന്നത്. പരമ്പര ഇന്ത്യ ഇതിനകം 3–1ന് സ്വന്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് താരങ്ങൾ തിരുവനന്തപുരത്തെത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഔദ്യോഗിക സ്വീകരണം.
സ്വന്തം നാട്ടിൽ നടക്കുന്ന നിർണായക മത്സരത്തിൽ മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ ഫോം കണ്ടെത്താനും ലോകകപ്പ് മുന്നൊരുക്കങ്ങൾ ശക്തമാക്കാനുമാണ് സഞ്ജു സാംസൺ ലക്ഷ്യമിടുന്നത്. സഞ്ജുവിന്റെ സാന്നിധ്യവും ലോകകപ്പ് ഒരുക്കങ്ങളും മത്സരത്തിന് അധിക ആവേശം പകരുന്നുണ്ട്.
വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം കനത്ത സുരക്ഷാ വലയത്തിലാണ് താരങ്ങളെ താമസസ്ഥലങ്ങളിലേക്ക് മാറ്റിയത്. ഇന്ത്യൻ ടീമിന് കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും, ന്യൂസിലാൻഡ് ടീമിന് ഹയാത്ത് റീജൻസിയിലുമാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കി. മത്സരം സുഗമമായി നടത്തുന്നതിനായി ജില്ല ഭരണകൂടം, പൊലീസ്, കേരള ക്രിക്കറ്റ് അസോസിയേഷൻ എന്നിവർ സംയുക്തമായി വിപുലമായ തയാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്.










































