കൊച്ചി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് ശനിയാഴ്ച കിക്കോഫ് കുറിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ടീം പ്രഖ്യാപിച്ചു. പരിചയസമ്പന്നരും വളർന്ന് വരുന്ന ഇന്ത്യൻ പ്രതിഭകളും പുതിയ വിദേശ താരങ്ങളും ഉൾപ്പെടുന്ന ശക്തമായ സ്ക്വാഡാണ് ഹെഡ് കോച്ച് ഡേവിഡ് കറ്റാലയുടെ കീഴിൽ അണിനിരക്കുന്നത്.
ആദ്യ മത്സരത്തിൽ ശനിയാഴ്ച കൊൽക്കത്തയിൽ മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങും. വൈകുന്നേരം അഞ്ച് മണിക്കാണ് കിക്കോഫ്.
ഗോൾവല കാക്കാൻ സച്ചിൻ സുരേഷും അർഷ് ഷൈഖും ഒരുങ്ങുന്നു. പ്രതിരോധനിരയിൽ വിദേശ താരം ഉമർ ബാഹിന്റെ അനുഭവസമ്പത്തും ഇന്ത്യയുടെ അണ്ടർ-23 ക്യാപ്റ്റൻ ബികാഷ് യുംനമിന്റെ നേതൃത്വവും ടീമിന് കരുത്താകും. മധ്യനിരയിൽ കളി നിയന്ത്രിക്കാൻ മാർലോൺ റൂസ്, വിബിൻ മോഹനൻ എന്നിവർ ഉണ്ടാകും. മുന്നേറ്റനിരയിൽ വിക്ടർ ബെർത്തോമ്യുവും കെവിൻ യോക്കും എത്തുന്നതോടെ സാഹചര്യങ്ങൾക്കനുസരിച്ച് തന്ത്രം മാറ്റാനുള്ള സാധ്യതകൾ പരിശീലകർക്കുണ്ട്.
സ്ക്വാഡ്
ഗോൾകീപ്പർമാർ: സച്ചിൻ സുരേഷ്, അർഷ് ഷൈഖ്, അൽസാബിത് സുലൈമാൻ.
പ്രതിരോധം: നവോച് സിങ്, ഐബൻബ ഡോഹ്‌ലിങ്, ഹോർമിപാം റുവിവ, സന്ദീപ് സിങ്, മുഹമ്മദ് സഹീഫ്, ബികാഷ് യുംനം, സുമിത് ശർമ്മ, ജഗന്നാഥ് ജയൻ, ഉമർ ബാഹ്.
മധ്യനിര: വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, നിഹാൽ സുധീഷ്, റൗളിൻ ബോർജസ്, ഫ്രെഡി ലാലൻമാവ്മ, എബിനാസ് യേശുദാസൻ, സലാഹുദ്ധീൻ അദ്നാൻ, ലൂയിസ് മത്യാസ് ഹെർണാണ്ടസ്, മാർലോൺ റൂസ് ട്രൂജില്ലോ.
മുന്നേറ്റനിര: കൊറൗ സിങ്, ലാൽതൻമാവിയ റെന്ത്‌ലി, മുഹമ്മദ് അജ്സൽ, എം.എസ്. ശ്രീകുട്ടൻ, വിക്ടർ ബെർത്തോമ്യു, കെവിൻ യോക്ക്.









































