തിരുവനന്തപുരം: തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച നടന്നതായി പരാതി. ഏകദേശം ₹2 കോടി വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയതായി കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി പേരൂർക്കട പോലീസിൽ പരാതി നൽകി.
ഗൗരി ലക്ഷ്മിഭായിയുടെ കൈവശമുണ്ടായിരുന്ന അമൂല്യമായ രത്‌നങ്ങൾ പതിച്ച പാരമ്പര്യ സ്വർണാഭരണങ്ങളാണ് നഷ്ടമായത്. തലമുറകളായി കൈമാറിയ അപൂർവ ആഭരണങ്ങൾ, പത്മനാഭസ്വാമിയുടെ ചിത്രം കൊത്തിയ സ്വർണാഭരണങ്ങൾ എന്നിവയും മോഷണം പോയവയിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം. വിദേശത്തുനിന്ന് കൊണ്ടുവന്ന ചില വിലപിടിപ്പുള്ള ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.
2025 നവംബറിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുമ്പ് അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ കാണാതായതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കൊട്ടാരത്തിനുള്ളിൽ തിരച്ചിൽ നടത്തിയെങ്കിലും ആഭരണങ്ങൾ കണ്ടെത്താനായില്ല.
പരാതി പ്രകാരം 2025 ഒക്ടോബർ–നവംബർ കാലയളവിലാണ് കവർച്ച നടന്നതെന്നാണ് സംശയം. ആഭരണങ്ങൾ കൊട്ടാരത്തിനുള്ളിൽ തന്നെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ആദ്യം പരാതി നൽകാതിരുന്നതെന്ന് കൊട്ടാരവൃത്തങ്ങൾ വ്യക്തമാക്കി. പിന്നീട് തിരച്ചിലിൽ കണ്ടെത്താനാകാതിരുന്നതിനാൽ പോലീസിൽ പരാതി നൽകി.
പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary: Gold jewellery worth about ₹2 crore has been reported stolen from Kowdiar Palace in Thiruvananthapuram. The complaint was filed by Aswathi Thirunal Gowri Lakshmi Bayi, a senior member of the royal family. The stolen items include rare traditional ornaments studded with precious stones, including jewellery engraved with the image of Lord Padmanabha. Police have started an investigation, suspecting the theft occurred between October and November 2025.















































