കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാന സർവിസുകൾ പുനരാരംഭിച്ചതായി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ വ്യക്തമാക്കി. വിമാനത്താവളം ഇപ്പോഴും അടച്ച നിലയിലാണ് തുടരുന്നതെന്നും അധികൃതർ അറിയിച്ചു.
ഒരു എയർലൈൻ കമ്പനിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സർവിസ് പുനരാരംഭ വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഡി.ജി.സി.എ വക്താവ് അബ്ദുല്ല അൽ രാജ്ഹി പറഞ്ഞു. വിമാന സർവിസുകൾക്ക് ഇതുവരെ ഔദ്യോഗിക അനുമതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിവരങ്ങൾ വിശ്വസിക്കുന്നതിന് മുമ്പ് ഔദ്യോഗിക സ്രോതസ്സുകൾ പരിശോധിക്കണമെന്നും വിശ്വസനീയമല്ലാത്ത ഓൺലൈൻ പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു. സർവിസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ ഔദ്യോഗികമായി അറിയിക്കുമെന്നും അറിയിച്ചു.
മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളും പരിഗണിച്ച് ഫെബ്രുവരി 28 നാണ് കുവൈത്ത് വ്യോമാതിർത്തിയും വിമാനത്താവളവും താൽക്കാലികമായി അടച്ചത്. യാത്രക്കാരുടെയും വിമാനക്കമ്പനികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നടപടി സ്വീകരിച്ചത്.
ഇതിനിടെ വിമാനത്താവളം ലക്ഷ്യമിട്ട് നാല് തവണ ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്. നിലവിലെ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ തുടരുകയാണ്.







































