ദുബൈ: വിശുദ്ധ റമദാൻ മാസത്തിൽ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന ഒരു സംഭവമാണ് യുഎഇയിൽ നിന്നെത്തുന്നത്. കാറപകടത്തിൽ രണ്ടുവയസ്സുകാരനായ മകനെ നഷ്ടപ്പെട്ടിട്ടും, അപകടത്തിൽപ്പെട്ട കാർ ഡ്രൈവർക്കു നിരുപാധികം മാപ്പ് നൽകാൻ തയ്യാറായിരിക്കുകയാണ് ഒരു മലയാളി ദമ്പതികൾ.
മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശികളായ ഷറഫുദ്ദീനും ഭാര്യ സഫ്‌നയുമാണ് ഈ ഹൃദയസ്പർശിയായ തീരുമാനം കൈകൊണ്ടത്. ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കുഞ്ഞിനെയാണ് അവർ ദുരന്തകരമായ അപകടത്തിൽ നഷ്ടപ്പെടുത്തിയത്. അതീവ വേദനയിലും വിഷമത്തിലും കഴിയുമ്പോഴും റമദാന്റെ ആത്മീയത മുൻനിർത്തിയാണ് മാപ്പ് നൽകാനുള്ള തീരുമാനം.
അപകടത്തിൽ ഉൾപ്പെട്ട ഡ്രൈവർക്കു മാപ്പ് നൽകാൻ കുടുംബം തയ്യാറാണെന്ന് അറിയിച്ചതായി Khaleej Times റിപ്പോർട്ട് ചെയ്തു. ഈ വിവരം ഷാർജ പൊലീസിനെയും കുടുംബം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ദാരുണ സംഭവം നടന്നത്. പ്രവാസിയായ പിതാവിനെ കാണാനായി സന്ദർശക വിസയിൽ അമ്മയോടൊപ്പം യുഎഇയിലെത്തിയ രണ്ടുവയസ്സുകാരൻ അലൻ റൂമി വൈകീട്ട് പുറത്തിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. അമ്മയുടെ കൈയിൽ നിന്ന് വഴുതിമാറിയ കുട്ടിയെ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സന്തോഷകരമാകേണ്ടിരുന്ന സന്ദർശനകാലം കുടുംബത്തിന് കണ്ണീരായി മാറുകയായിരുന്നു. പിതാവ് ഷറഫുദ്ദീൻ തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കുഞ്ഞിന്റെ മൃതദേഹം ഖിസൈസിലെ ഖബർസ്ഥാനിൽ ഖബറടക്കി. തുടർന്ന് കുടുംബം നാട്ടിലേക്ക് മടങ്ങി.
സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കിയ പൊലീസ് കേസ് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. ഇനി തുടർനടപടികൾ കോടതി തീരുമാനിക്കും. അപകടത്തിൽപ്പെട്ട കാർ ഡ്രൈവറും പ്രവാസിയാണെന്നാണ് സൂചന.










































