ദുബായ്: പ്രതിസന്ധികാലത്തെ ബിസിനസ് വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാൻ ദുബായിലെ മലയാളി സംരംഭകർ ഒന്നിച്ചുകൂടി. ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ) സംഘടിപ്പിച്ച ‘ലെറ്റ്സ് ടോക്ക് – ഇവോൾവ് ആൻഡ് മൂവ് ഫോർവേഡ്’ പരിപാടി, സംരംഭകർക്ക് പുതിയ ആശയങ്ങളും അവസരങ്ങളും തുറന്നുവെച്ച ശ്രദ്ധേയ വേദിയായി.ദുബായ് എത്തിസലാത്ത് അക്കാദമിയിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള സംരംഭകർ പങ്കെടുത്തു.
വിതരണ ശൃംഖലകളിലെ തടസ്സങ്ങൾ, ഇറക്കുമതി-കയറ്റുമതി പ്രതിസന്ധികൾ, ഷിപ്പിംഗ് ചെലവുകളുടെ വർധന, വിപണിയിലെ അനിശ്ചിതത്വം തുടങ്ങിയ വെല്ലുവിളികൾക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ട പാനൽ ചർച്ചകളായിരുന്നു പ്രധാന ആകർഷണം.ലോജിസ്റ്റിക്സ്, മാനുഫാക്ചറിംഗ്, ഫുഡ് സ്റ്റഫ്, ട്രേഡിംഗ് മേഖലകളെ കേന്ദ്രീകരിച്ച ആദ്യ സെഷനിൽ ഷൈജു ചാത്തഞ്ചേരി, ഷാബിൻ, സൈനുദ്ദീൻ ഹോട്ട്പാക്ക്,അയ്യൂബ് കല്ലട എന്നിവർ സംസാരിച്ചു. ട്രാവൽ, മെഡിക്കൽ, റിയൽ എസ്റ്റേറ്റ്, ഫിനാൻസ്, ബിസിനസ് സെറ്റപ്പ് മേഖലകളെ ആസ്പദമാക്കിയ രണ്ടാം സെഷനിൽ അഫി അഹമ്മദ് സ്മാർട്ട് ട്രാവൽ,മുഹമ്മദ് റിയാസ് സൈതലവി, ജമാദ് ഉസ്മാൻ, റൗഫ്, ആഷിഖ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.
ശിഹാബ് തങ്ങൾ മോഡറേറ്ററായി. തുടർന്ന് നടന്ന ചോദ്യോത്തര വേളയിൽ സംരംഭകർക്ക് അവരുടെ സംശയങ്ങൾക്ക് നേരിട്ട് മറുപടി ലഭിച്ചു.കൺസോർഷ്യം ടീം അവതരിപ്പിച്ച നിക്ഷേപ പദ്ധതികളും ശ്രദ്ധ നേടി. ഫാസിൽ (ക്ലാസിക് ഗോൾഡ് ബുള്ളിയൻ) അവതരിപ്പിച്ച ‘ഇക്വിറ്റോറിയ’, റഫീഖ് (അൽ മയർ) അവതരിപ്പിച്ച ‘വെഞ്ചുറോവ’, മുബീർ സോനാസ് അവതരിപ്പിച്ച ‘V30’, ഫസൽ ചങ്ങപ്പള്ളി അവതരിപ്പിച്ച ‘കേപ്പ് ഹോൾഡിംഗ്’ എന്നീ പദ്ധതികൾ പുതിയ നിക്ഷേപ സാധ്യതകൾ തുറന്നു.
ഐ.പി.എ കൺവീനർ യൂനുസ് തണൽ സ്വാഗതം പറഞ്ഞു. ചെയർമാൻ റിയാസ് കിൽട്ടൻ അധ്യക്ഷത വഹിച്ചു. മുനീർ അൽ വഫാ പ്രചോദന പ്രഭാഷണം നടത്തി. ഷാജി നരിക്കൊല്ലി അവതാരകനായ ചടങ്ങിൽ ബിബി ജോൺ നന്ദി അറിയിച്ചു.”ഒറ്റയ്ക്ക് മുന്നേറുന്നത് പ്രയാസകരമായ കാലമാണിത്; കൂട്ടായ്മയാണ് ശക്തി” എന്ന സന്ദേശമാണ് പരിപാടി മുന്നോട്ട് വെച്ചതെന്ന് ചെയർമാൻ റിയാസ് കിൽട്ടനും വൈസ് ചെയർമാൻ അയ്യൂബ് കല്ലടയും പറഞ്ഞു. സംരംഭകർ തമ്മിലുള്ള നെറ്റ്‌വർക്കിംഗ്, സംയുക്ത സംരംഭങ്ങൾ, അറിവ് പങ്കിടൽ എന്നിവ ഭാവിയിലെ വിജയത്തിന് നിർണായകമാണെന്ന വിലയിരുത്തലോടെയാണ് പരിപാടി സമാപിച്ചത്.





































