കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിനായുള്ള തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സമഗ്ര സമീപനവുമായി മുഖ്യമന്ത്രി മമത ബാനർജി. ആകെ 291 സീറ്റുകളിൽ മത്സരിക്കുന്ന തൃണമൂൽ, ദലിത്-ആദിവാസി വിഭാഗങ്ങളിൽ നിന്ന് 95 സ്ഥാനാർഥികളെയും 47 മുസ്ലിം സ്ഥാനാർഥികളെയും 45 വനിതകളെയും ഉൾപ്പെടുത്തി.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന സമീപനമാണ് പാർട്ടി സ്വീകരിച്ചതെന്ന് മമത വ്യക്തമാക്കി. പട്ടിക ഇതിനകം രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 294 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ശേഷിക്കുന്ന മൂന്ന് സീറ്റുകൾ ദാർജിലിങ് മേഖലയിലെ ഭാരതീയ ഗൂർഖ പ്രജാതന്ത്ര് മോർച്ചയ്ക്ക് നൽകുമെന്ന് മമത അറിയിച്ചു.
മുഖ്യമന്ത്രി മമത ബാനർജി സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ നിന്നാണ് വീണ്ടും ജനവിധി തേടുന്നത്. ഇവിടെ ബി.ജെ.പി സ്ഥാനാർഥിയായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മത്സരിക്കും. 2021ലെ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നടന്ന കടുത്ത പോരാട്ടത്തിൽ സുവേന്ദു അധികാരി മമതയെ നേരിയ വോട്ടിന് പരാജയപ്പെടുത്തിയിരുന്നു.
തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും സംസ്ഥാന പ്രസിഡന്റ് സുബ്രത ബക്ഷിയും ചേർന്നാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. 135 മണ്ഡലങ്ങളിൽ സിറ്റിങ് എം.എൽ.എമാരെ തന്നെ പാർട്ടി വീണ്ടും പരിഗണിച്ചിട്ടുണ്ട്.
226-ലേറെ സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തുമെന്ന് മമത ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിക്കാത്തവർക്കും പാർട്ടിയിൽ മറ്റ് അവസരങ്ങൾ നൽകുമെന്നും അവർ വ്യക്തമാക്കി.
ഏപ്രിൽ 23, 29 തീയതികളിലായി രണ്ടു ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് നടക്കുക. ഇടതുമുന്നണിയും ബി.ജെ.പിയും ഇതിനകം ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയിട്ടുണ്ട്.








































