കോഴിക്കോട്: മുസ്ലിം ലീഗിന്റെ വനിതാ സ്ഥാനാർത്ഥിത്വ നിലപാടിനെതിരെ പ്രതികരിച്ച സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ കടുത്ത വിമർശനവുമായി നാസർ ഫൈസി കൂടത്തായി രംഗത്ത്. ലീഗിനെ മാത്രം ലക്ഷ്യമിട്ട് ഉപദേശങ്ങളും വിമർശനങ്ങളും നടത്തുന്നത് രാഷ്ട്രീയ തിമിരമാണെന്ന് അദ്ദേഹം ആരോപിച്ചു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നാസർ ഫൈസി പ്രതികരിച്ചത്. രാഷ്ട്രീയ വിഷയങ്ങളിൽ സമദൂരം പാലിക്കാതെ ലീഗിനെ മാത്രം വിമർശിക്കുന്നത് ശരിയായ സമീപനമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനറൽ സീറ്റുകളിൽ വനിതാ സ്ഥാനാർത്ഥികളെ പരിഗണിക്കുന്ന മുസ്ലിം ലീഗിന്റെ തീരുമാനം കാലികവും അനിവാര്യവുമാണെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വം, പാർട്ടിയുടെ പൊതുചിത്രം, സാമൂഹിക സാഹചര്യങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് ഈ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് മുമ്പും ഉമർ ഫൈസി മുക്കം, ജനറൽ സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. സംവരണ സീറ്റുകളിൽ മാത്രം സ്ത്രീകളെ പരിഗണിക്കണമെന്നതാണ് സമസ്തയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, സമസ്ത അധ്യക്ഷനായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുമ്പ് ചില സാഹചര്യങ്ങളിൽ സ്ത്രീകളെ ജനറൽ സീറ്റുകളിൽ പരിഗണിക്കാമെന്ന് പറഞ്ഞത് ശ്രദ്ധയിൽപ്പെടുത്തിയാണ് നാസർ ഫൈസി തന്റെ നിലപാട് വിശദീകരിച്ചത്.
രാഷ്ട്രീയ പാർട്ടികളോട് ഉപദേശം നൽകുമ്പോൾ എല്ലാവരോടും ഒരേ സമീപനം വേണമെന്നും, ഒരു പാർട്ടിയെ മാത്രം ലക്ഷ്യമിടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














































