വാഷിങ്ടൺ ഡി.സി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കും ഭരണകൂട തീരുമാനങ്ങൾക്കും എതിരെ അമേരിക്കയിൽ വ്യാപക ജനകീയ പ്രക്ഷോഭം ഉയരുന്നു. ‘നോ കിങ്‌സ്’ (No Kings) എന്ന പേരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ രാജ്യത്തെ 50 സംസ്ഥാനങ്ങളിലായി 3200ലധികം റാലികൾ ശനിയാഴ്ച നടന്നു.
ന്യൂയോർക്ക്, ലോസ് ആഞ്ചലസ്, വാഷിങ്ടൺ ഡി.സി എന്നിവയ്ക്ക് പുറമെ ഗ്രാമീണ മേഖലകളിലും പ്രതിഷേധം ശക്തമായി. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ അക്രമരഹിത ജനകീയ പ്രക്ഷോഭങ്ങളിലൊന്നായി ഇത് മാറുമെന്നാണ് സംഘാടകർ വിലയിരുത്തുന്നത്.
അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തുന്ന സൈനിക നീക്കങ്ങൾ നാലാം വാരത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായത്. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾക്കൊപ്പം ട്രംപിന്റെ അധികാര ദുർവിനിയോഗത്തിനെതിരെയും പ്രതിഷേധക്കാർ ശബ്ദമുയർത്തുന്നു.
ഐഡഹോ, വ്യോമിങ്, മൊണ്ടാന പോലുള്ള റിപ്പബ്ലിക്കൻ ശക്തികേന്ദ്രങ്ങളിലും പ്രതിഷേധം ഉയരുന്നത് ഭരണകൂടത്തിന് ആശങ്കയുണ്ടാക്കുന്നു. കൂടാതെ പെൻസിൽവാനിയ, ജോർജിയ, അരിസോണ എന്നീ നിർണായക സംസ്ഥാനങ്ങളിലും വൻ ജനപങ്കാളിത്തമാണ് റിപ്പോർട്ട് ചെയ്യുന്നത്.
പ്രതിഷേധത്തെ ചെറുതാക്കി കാണിക്കാൻ വൈറ്റ് ഹൗസ് ശ്രമിക്കുന്നതിനിടെ, ഇത് ‘ട്രംപ് വിരുദ്ധ മാധ്യമ പരിപാടി’ മാത്രമാണെന്ന് വക്താവ് അബിഗയിൽ ജാക്സൺ പരിഹസിച്ചു. എന്നാൽ, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ ജനങ്ങൾ തെരുവിലിറങ്ങിയതാണെന്നും, ഈ പ്രക്ഷോഭം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്നും സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
ഇതിനിടെ, ഫെഡറൽ ഇമിഗ്രേഷൻ ഏജൻസിയായ ഫെഡറൽ ഇമിഗ്രേഷൻ അതോറിറ്റിയുടെ നടപടികളും നഗരങ്ങളിൽ നാഷണൽ ഗാർഡ് വിന്യാസവും ജനവികാരം ശക്തമാക്കിയിട്ടുണ്ട്. മനുഷ്യാവകാശ സംഘടനയായ മനുഷ്യാവകാശ സംഘടനയായ എ.സി.എൽ.യു ഉൾപ്പെടെ നിരവധി സംഘടനകൾ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു.







































