കോഴിക്കോട്: മുസ്‍ലിം ലീഗ് വനിതാ സ്ഥാനാർഥി തിരഞ്ഞെടുപ്പിനെതിരെ പരസ്യ വിമർശനവുമായി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് രംഗത്ത്. ഫാത്തിമ തെഹ്‍ലിയയെയും ജയന്തി രാജനെയും സ്ഥാനാർഥിയാക്കാൻ പാർട്ടി സ്വീകരിച്ച മാനദണ്ഡം എന്താണെന്ന് അവർ ചോദിച്ചു.
വനിതാ ലീഗിന് അർഹമായ സീറ്റ് നൽകിയില്ലെന്നും ജയന്തി രാജൻ സ്ഥാനാർഥിയായത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും നൂർബിന ചോദിച്ചു. “പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ച പട്ടികയെ രണ്ട് കൈയും കൊട്ടി സ്വീകരിക്കുന്നു. എന്നാൽ പട്ടികയിൽ ഉൾപ്പെടുത്തിയ രണ്ട് വനിതകളിൽ ഒരാൾ യൂത്ത് ലീഗ് മുഖവും മറ്റൊരാൾ മുസ്‍ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയുമാണ്. അവർ പാർട്ടിയിൽ നടത്തിയ പ്രവർത്തനം എന്താണെന്ന് വ്യക്തമല്ല. എന്തും പറയാവുന്നവരെയാണ് യോഗ്യതയായി കാണുന്നതെങ്കിൽ വനിതാ ലീഗിന് ദുഃഖവും പ്രതിഷേധവും ഉണ്ട്,” എന്നാണ് അവർ പ്രതികരിച്ചത്.
അതേസമയം, മുസ്‍ലിം ലീഗ് സ്ഥാനാർഥി പട്ടികയെ പിന്തുണച്ച് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീർ രംഗത്തെത്തി. യുവാക്കളെയും പരിചയസമ്പന്നരെയും ഉൾക്കൊള്ളുന്ന മികച്ച പട്ടികയാണ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
“പാർട്ടി തീരുമാനങ്ങൾ അംഗീകരിക്കേണ്ട ബാധ്യതയുള്ള ആളാണ് ഞാൻ. മത്സരിക്കണമോയെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. ഏതായാലും തീരുമാനം ഞാൻ പൂർണമായി സ്വാഗതം ചെയ്യുന്നു,” എന്നും മുനീർ പ്രതികരിച്ചു. ഏകദേശം 30 വർഷത്തെ നിയമസഭാ പരിചയവും രണ്ട് തവണ മന്ത്രിസ്ഥാനം വഹിച്ചതും പാർട്ടി നൽകിയ അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









































