കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ശക്തമായ മുന്നേറ്റം തുടരുന്നതിനിടെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. ‘നമ്മൾ തൂക്കി’ എന്ന കുറിപ്പിനൊപ്പം ലീഗ് ഓഫിസിന് മുന്നിൽ ‘രണ്ടാം നമ്പർ’ ഔദ്യോഗിക വാഹനം പാർക്ക് ചെയ്തതുപോലുള്ള ഗ്രാഫിക് ചിത്രം സലാം ഫേസ്ബുക്കിൽ പങ്കുവച്ചു.
നിലവിലെ ഫലസൂചനകൾ പ്രകാരം മുസ്ലിം ലീഗ് ചരിത്രത്തിലെ മികച്ച പ്രകടനത്തിലേക്ക് കുതിക്കുകയാണ്. രണ്ട് സ്വതന്ത്രരടക്കം 27 സീറ്റുകളിൽ മത്സരിച്ച ലീഗ് 23 മണ്ഡലങ്ങളിൽ ലീഡ് നിലനിർത്തുന്നു. ഇതോടെ പാർട്ടിക്ക് വലിയ രാഷ്ട്രീയ കരുത്താണ് ലഭിക്കുന്നത്.
സംസ്ഥാനത്ത് യു.ഡി.എഫ് മുന്നേറ്റം തുടരുന്നതിനാൽ സർക്കാർ രൂപീകരണ സാധ്യതകളും ശക്തമാണ്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന അഭ്യൂഹങ്ങളും രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണ്.
വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ യു.ഡി.എഫ് 103 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. എൽ.ഡി.എഫ് 35 സീറ്റുകളിലും എൻ.ഡി.എ 2 സീറ്റുകളിലും മുന്നിലാണ്. നിരവധി മന്ത്രിമാർ പിന്നിലായിരിക്കുന്നതും എൽ.ഡി.എഫ് സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ആർ. ബിന്ദു, കെ.ബി. ഗണേഷ് കുമാർ, പി. രാജീവ്, ഒ.ആർ. കേളു, വി. ശിവൻകുട്ടി, വീണാ ജോർജ്, വി. അബ്ദുറഹിമാൻ, എം.ബി. രാജേഷ്, ജെ. ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, പി. പ്രസാദ് തുടങ്ങിയ മന്ത്രിമാർ വിവിധ മണ്ഡലങ്ങളിൽ പിന്നിലാണ്. ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസ് ലീഡ് നേടിയിട്ടുണ്ട്.
ധർമടം മണ്ഡലത്തിൽ ആദ്യ ഘട്ടങ്ങളിൽ പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് ലീഡ് തിരിച്ചുപിടിച്ചതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് കമീഷന്റെ സൂചനപ്രകാരം ഉച്ചയോടെ മുഴുവൻ മണ്ഡലങ്ങളുടെയും വ്യക്തമായ ചിത്രം പുറത്തുവരുമെന്നാണ് പ്രതീക്ഷ.









































