ദോഹ: പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി. ലുസൈൽ പാലസിലായിരുന്നു ചർച്ചകൾ.
യു.എസ്-ഇറാൻ വെടിനിർത്തൽ പ്രഖ്യാപനത്തെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. മേഖലയിലെ സംഘർഷം കുറയ്ക്കാനും സ്ഥിരതയും സമാധാനവും ഉറപ്പാക്കാനും ഈ നീക്കം സഹായകരമാകുമെന്ന് അവർ വിലയിരുത്തി.
ഹുർമുസ് കടലിടുക്കിലൂടെ നടക്കുന്ന ഊർജ വിതരണവും ചരക്കുനീക്കവും സുഗമമാക്കാൻ ദീർഘകാല സമാധാന ഉടമ്പടി അനിവാര്യമാണെന്ന് ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് സംയുക്ത ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
ഖത്തറിനെതിരെ നടന്ന ഇറാൻ ആക്രമണങ്ങളെ ബ്രിട്ടീഷ് പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. ഖത്തറിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും ബ്രിട്ടന്റെ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇരുരാജ്യങ്ങളും നിലവിലെ സാഹചര്യത്തിൽ തുടർച്ചയായ ഏകോപനവും കൂടിയാലോചനയും തുടരാൻ തീരുമാനിച്ചു. ഖത്തറും യു.കെയും തമ്മിലുള്ള ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യതകളും ചർച്ച ചെയ്തു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.







































