തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം തവണ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്താനുള്ള സാധ്യതയില്ലെന്ന് രാജീവ് ചന്ദ്രശേഖർ. നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
“വികസന കേരളം” എന്ന മുദ്രാവാക്യവുമായി ബിജെപി ശക്തമായി പ്രചാരണരംഗത്തുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഒന്നോ രണ്ടോ സീറ്റുകൾക്കായി മാത്രമല്ല, സംസ്ഥാനത്തെ മുഴുവൻ 140 മണ്ഡലങ്ങളിലും മത്സരിക്കുകയാണെന്നും പറഞ്ഞു. പ്രചാരണത്തിനായി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പ്രചാരണത്തിന് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു ജേക്കബും താനുമായി നല്ല ബന്ധമുണ്ടെന്നും, മാറ്റം കൊണ്ടുവരാനുള്ള ലക്ഷ്യത്തോടെയാണ് സഖ്യം രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിജയസാധ്യത കണക്കിലെടുത്താണ് സ്ഥാനാർഥി നിർണയം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫും എൽ.ഡി.എഫും ജനങ്ങളെ വഞ്ചിച്ച പാർട്ടികളാണെന്നും, ഇരുവരെയും വ്യത്യസ്തമായി കാണാനാവില്ലെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. “സി.പി.എം ദുർബലമാകുന്നതിലൂടെ കോൺഗ്രസിന് ഗുണമുണ്ടാകുമെന്നത് മിഥ്യാധാരണയാണ്. കോൺഗ്രസ് നാണമില്ലാത്ത പാർട്ടിയാണ്, വ്യാജ വാഗ്ദാനങ്ങളാണ് നൽകുന്നത്,” എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും, ത്രിപുരയിലും പശ്ചിമ ബംഗാളിലും ഉണ്ടായത് പോലെ അപ്രതീക്ഷിത മാറ്റം കേരളത്തിലും ഉണ്ടാകാമെന്നും അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പി ഇത്തവണ പ്രധാന രാഷ്ട്രീയ ശക്തിയായി ഉയരുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.








































