ന്യൂഡൽഹി: ആഗോള അനിശ്ചിതത്വങ്ങൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്താൻ തീരുമാനിച്ചതായി ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു.
വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശയായ റിപ്പോ നിരക്കിൽ മാറ്റം വരുത്താതിരിക്കാനുള്ള തീരുമാനം പണനയ സമിതി ഏകകണ്ഠമായാണ് എടുത്തത്. 2025 ഡിസംബർ മുതൽ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ അനിശ്ചിതത്വം വർധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ഗവർണർ വ്യക്തമാക്കി. കഴിഞ്ഞ യോഗത്തിനുശേഷം ഭൗമരാഷ്ട്രീയ അപകടസാധ്യതകൾ ഗണ്യമായി ഉയർന്നതായി സമിതി വിലയിരുത്തി.
പണപ്പെരുപ്പം ഇപ്പോൾ നിയന്ത്രണത്തിലാണെങ്കിലും ഊർജ്ജവിലയിലെ വർധനയും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള ഭക്ഷ്യവില വർധനയും ആശങ്ക ഉയർത്തുന്നതായി ആർ.ബി.ഐ അറിയിച്ചു.
ആഗോള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ തുടരുന്നതായും ആർ.ബി.ഐ ആശങ്ക രേഖപ്പെടുത്തി. ഊർജ്ജ, ചരക്ക് വിപണികളിലെ പ്രശ്നങ്ങൾ വ്യവസായത്തെയും കൃഷിയെയും ബാധിക്കാമെന്നും മുന്നറിയിപ്പ് നൽകി.
അതേസമയം, ഉപഭോഗവും നിക്ഷേപവും പിന്തുണച്ചതോടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സ്ഥിരതയാർന്ന വളർച്ച തുടരുന്നുണ്ടെന്ന് ആർ.ബി.ഐ വിലയിരുത്തി. എന്നാൽ, സംഘർഷവുമായി ബന്ധപ്പെട്ട ചെലവുകളും വിതരണ തടസ്സങ്ങളും വളർച്ചയെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.








































