മുംബൈ: വനിത പ്രീമിയർ ലീഗിൽ വീണ്ടും കിരീടം ഉയർത്തി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി). ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നാണ് ആർ.സി.ബി രണ്ടാം കിരീട നേട്ടം സ്വന്തമാക്കിയത്.
204 റൺസ് പിന്തുടർന്ന ആർ.സി.ബിക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റിരുന്നു. ഒമ്പത് റൺസിന് ഗ്രേസ് ഹാരിസിനെ നഷ്ടമായെങ്കിലും പിന്നീട് സ്മൃതി മന്ദാനയും ജോർജിയ വെല്ലും ചേർന്ന് മത്സരത്തിന്റെ ഗതി മാറ്റി. 87 റൺസുമായി മന്ദാനയും 79 റൺസുമായി ജോർജിയ വെല്ലും തകർപ്പൻ പ്രകടനം കാഴ്ചവെച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടി. 37 പന്തിൽ 57 റൺസ് നേടിയ നായിക ജെമീമ റോഡ്രിഗസ് ടോപ് സ്കോററായി. ലോറ വോൾവാർട്ട് 44 റൺസും ചിനെല്ലെ ഹെൻട്രി 35 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണർമാരായ ലിസെല്ലെ ലീ (37)യും ഷഫാലി വർമ്മ (20)യും മികച്ച തുടക്കം നൽകി.
എന്നാൽ വൻ ലക്ഷ്യം പോലും അനായാസം മറികടന്ന ആർ.സി.ബി, വനിത പ്രീമിയർ ലീഗിൽ തങ്ങളുടെ ആധിപത്യം വീണ്ടും തെളിയിച്ചു.










































