ജയ്‌പൂർ: മലയാളി താരം സഞ്ജു സാംസനെ രാജസ്ഥാൻ റോയൽസിന് പകരം വെക്കാനാകാത്ത താരമെന്ന് ക്യാപ്റ്റൻ റിയാൻ പരാഗ്. വിരാട് കൊഹ്‌ലിയെയും രോഹിത് ശർമയെയും പോലെ തന്നെ സഞ്ജുവും ടീമിന് അന്യോന്യനാണെന്ന് പരാഗ് പറഞ്ഞു.
“സഞ്ജു ഭായിയെ മാറ്റി മറ്റൊരാളെ കൊണ്ടുവരണം എന്ന് ഞങ്ങൾ ഒരിക്കലും ചിന്തിച്ചിട്ടില്ല. രോഹിത് ശർമക്കും വിരാട് കൊഹ്‌ലിക്കും പകരക്കാരെ കണ്ടെത്താനാകുമോ? അതുപോലെ തന്നെയാണ് സഞ്ജുവും. അദ്ദേഹത്തിന് പകരം മറ്റൊരാളെ കൊണ്ടുവരാനാവില്ല,” എന്നാണ് പരാഗിന്റെ പ്രതികരണം.
രാജസ്ഥാൻ റോയൽസിന്റെ കഴിഞ്ഞ സീസണിലെ പ്രകടനത്തെ കുറിച്ചും പരാഗ് പ്രതികരിച്ചു. നിരവധി മത്സരങ്ങൾ അവസാന ഓവറുകളിൽ നഷ്ടമായെന്നും ഇത്തവണ കൃത്യമായ പദ്ധതിയിലൂടെ മത്സരങ്ങൾ വിജയകരമായി അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഐപിഎൽ സീസണിൽ പത്താം സ്ഥാനത്ത് അവസാനിച്ച മുൻ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസിനെ വീണ്ടും വിജയപാതയിലേക്ക് കൊണ്ടുവരികയാണ് പരാഗിന്റെ പ്രധാന ദൗത്യം. അതോടൊപ്പം സഞ്ജു സാംസന്റെ അഭാവം മൂലമുള്ള വിടവ് നികത്താനും ടീമിന് ശ്രമിക്കേണ്ടിവരും.








































