റിയാദ്: സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള പരസ്പര വിസ ഇളവ് കരാർ ഈ വർഷം മെയ് 11 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഡിസംബറിൽ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിൽ, ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കും. ടൂറിസം, ബിസിനസ് സന്ദർശനം, ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണൽ എന്നിവയ്ക്കായി എത്തുന്നവർക്ക് ഒരു വർഷത്തിനിടെ മൊത്തത്തിൽ 90 ദിവസം വരെ താമസിക്കാൻ ഈ കരാർ അനുമതി നൽകുന്നു.
എന്നാൽ ജോലി, പഠനം, ദീർഘകാല താമസം, ഹജ്ജ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. ഇത്തരം ആവശ്യങ്ങൾക്ക് നിലവിലുള്ള വിസ സംവിധാനങ്ങൾ തുടരും.
ഈ നീക്കം സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നു. വിനോദസഞ്ചാരം, വ്യാപാരം, സാംസ്‌കാരിക വിനിമയം തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ തുറക്കുമെന്നും വിലയിരുത്തുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണവും ജനങ്ങൾ തമ്മിലുള്ള ബന്ധവും കൂടുതൽ ദൃഢമാക്കാൻ ഈ വിസ ഇളവ് സഹായകരമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.









































