ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി എതിർപ്പുകളും ക്ലെയിമുകളും ഉന്നയിക്കാൻ ഉപയോഗിക്കുന്ന ഫോം–7 വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിൽ കടുത്ത ആശങ്ക അറിയിച്ച് കോൺഗ്രസ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷൻക്ക് വിശദമായ കത്ത് അയച്ചു.
ഫോം–7 അപേക്ഷകൾ ദുരുപയോഗം ചെയ്ത് യോഗ്യതയുള്ള വോട്ടർമാരുടെ പേരുകൾ ലക്ഷ്യമിട്ട് വോട്ടർ പട്ടികയിൽനിന്ന് വൻതോതിൽ നീക്കം ചെയ്യുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കും തെരഞ്ഞെടുപ്പ് കമീഷണർമാർക്കും അയച്ച കത്തിൽ കെ.സി. വേണുഗോപാൽ ആരോപിക്കുന്നു. ഇത് തടയാൻ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ, തെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം രൂപപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പട്ടികജാതി, പട്ടികവർഗം, ന്യൂനപക്ഷ വിഭാഗങ്ങൾ, മുതിർന്ന പൗരന്മാർ എന്നിവരടക്കമുള്ളവരുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം ഇതിലൂടെ ഉണ്ടാകുമെന്നും കത്തിൽ പറയുന്നു. 1960ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരം മരണം, ഇരട്ടിപ്പ് തുടങ്ങിയ വസ്തുനിഷ്ഠമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി എതിർപ്പ് രേഖപ്പെടുത്തുന്നതിനുള്ളതാണ് ഫോം–7. അഭ്യൂഹങ്ങളോ സംശയങ്ങളോ അടിസ്ഥാനമാക്കിയുള്ള എതിർപ്പുകൾക്ക് ഈ ഫോം ഉപയോഗിക്കാനാകില്ലെന്നും കത്തിൽ ഓർമ്മിപ്പിക്കുന്നു.
നിയമപരമായി വ്യക്തമായ ചട്ടക്കൂട് നിലവിലിരിക്കെ, അതെല്ലാം ലംഘിച്ചുകൊണ്ടാണ് ഫോം–7യുടെ ദുരുപയോഗം നടക്കുന്നതെന്നും, തെരഞ്ഞെടുപ്പ് കമീഷൻ അടിയന്തരമായി ഇടപെട്ട് ഇത് തടയണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ ഗുരുതരമായ ആശങ്ക ഉയർത്തുന്നതാണെന്നും, ഏകീകൃതവും സംഘടിതവുമായ രീതിയിലാണ് ദുരുപയോഗം നടക്കുന്നതെന്നും കത്തിൽ വ്യക്തമാക്കുന്നു. ചില പ്രത്യേക വിഭാഗങ്ങളിലെ വോട്ടർമാരെ ലക്ഷ്യമിട്ടാണ് നടപടികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസമിൽ ഭരണകക്ഷിയിലെ പ്രവർത്തകർ തെരഞ്ഞെടുപ്പ് ഡാറ്റാബേസിൽ അനധികൃതമായി കടന്നുകയറി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നുവെന്ന റിപ്പോർട്ടുകളുണ്ടെന്നും കത്തിൽ ആരോപിക്കുന്നു.










































