പാലക്കാട്: ബി.ജെ.പി പ്രവർത്തകയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരെ പരാതി. ആലപ്പുഴയിലെ മുൻ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റായ ബിന്ദു വിനയകുമാറിനെയാണ് ഫോൺ വഴി ഭീഷണിപ്പെടുത്തിയതായി ആരോപണം ഉയർന്നത്.
പാലക്കാട് വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ബിന്ദുവിനെതിരെ ശോഭാ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചതായി ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്. ആലപ്പുഴ രജിസ്ട്രേഷൻ നമ്പറുള്ള വാഹനത്തിലായിരുന്നു സംഭവവുമായി ബന്ധപ്പെട്ട സ്ത്രീ എത്തിയതെന്നും ബിന്ദുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശോഭ മുന്നറിയിപ്പ് നൽകിയതായി ശബ്ദരേഖയിൽ കേൾക്കാം.
ഫോൺ സംഭാഷണത്തിൽ “തോന്നിവാസം ചെയ്താൽ അടിച്ച് പണി തീർക്കും” എന്ന തരത്തിലുള്ള ഭീഷണിയും ഉയർന്നതായി ആരോപണമുണ്ട്. ഇതോടൊപ്പം അസഭ്യ പരാമർശങ്ങളും ഉന്നയിച്ചതായി ബിന്ദു ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് കോൾ റെക്കോർഡുകൾ ഉൾപ്പെടെ തെളിവുകളോടെ ബിന്ദു വിനയകുമാർ പൊലീസിൽ പരാതി നൽകി.
ഇതിനിടെ, വോട്ടിന് പണം നൽകിയെന്ന പരാതിയിൽ ശോഭാ സുരേന്ദ്രന്റെ മൊഴി തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖപ്പെടുത്തി. പാലക്കാട് നിയോജക മണ്ഡലത്തിലെ വരണാധികാരിയായ ആർ.ഡി.ഒയാണ് മൊഴി രേഖപ്പെടുത്തിയത്. സുപ്രീംകോടതി അഭിഭാഷകന്റെ സാന്നിധ്യത്തിലാണ് ശോഭ മൊഴി നൽകിയത്.
ആരോപണങ്ങൾ പൂർണമായും നിഷേധിച്ച ശോഭാ സുരേന്ദ്രൻ, സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്തിയവരുടെയും മറ്റ് സാക്ഷികളുടെയും മൊഴികൾ കൂടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
ഈ കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജില്ല കലക്ടർ മുഖേന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറും. തുടർന്ന് വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.






































