പത്തനാപുരം | UAE വാർത്ത
മന്ത്രി കെ.ബി. ഗണേഷ് കുമാർ തന്റെ കുടുംബത്തോട് ഇത്തരത്തിൽ പെരുമാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. തന്റെ പിതാവും ആർ. ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം അതീവ ദൃഢമായിരുന്നുവെന്നും, കുടുംബങ്ങൾ തമ്മിൽ അടുത്ത സൗഹൃദം നിലനിന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗണേഷ് കുമാറിന്റെ അമ്മയെ താൻ ‘ആന്റി’ എന്നാണ് വിളിച്ചിരുന്നതെന്നും, തന്നെ സ്നേഹിച്ചതുപോലെ തന്നെയാണ് ഗണേഷ് കുമാറിനെയും തന്റെ പിതാവ് സ്നേഹിച്ചതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. എന്നിട്ടും സോളർ കേസുമായി ബന്ധപ്പെട്ട് വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായി മാറിയെന്ന് മനസ്സിലാകുന്നില്ലെന്നും, വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം 18 പേജുകളായിരുന്ന കത്തിൽ പിന്നീട് ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർത്തുവെന്നാണ് ഉയർന്നിരിക്കുന്ന ഗുരുതര ആരോപണമെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി. പത്തനാപുരം പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും നിന്നുള്ള യുഡിഎഫ് അംഗങ്ങൾക്ക് മാങ്കോട് ജംക്‌ഷനിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സോളർ കേസ് വിവാദത്തിന് പിന്നിൽ സിപിഎം ആണെന്നും, രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് വിഷയങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നതെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു.




































