കൽപറ്റ: ഗതാഗതക്കുരുക്ക് രൂക്ഷമായ താമരശ്ശേരി ചുരത്തിൽ വളവുകൾ വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി അടുത്താഴ്ച ആരംഭിക്കും. താമരശ്ശേരി ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളിലാണ് ആദ്യഘട്ടത്തിൽ പ്രവർത്തനം നടത്തുന്നത്.
ദേശീയപാത വിഭാഗം ഏറ്റെടുത്ത വനഭൂമിയിലെ മരങ്ങൾ കഴിഞ്ഞ മാസം മുറിച്ചുനീക്കിയിരുന്നു. ഇതിനൊപ്പം മണ്ണ് പരിശോധനയും പൂർത്തിയാക്കി. തുടർന്ന് തയ്യാറാക്കിയ ഡിസൈൻ പ്രകാരം ആറാം വളവിന്റെ പ്രവൃത്തികൾക്ക് ഐ.ഐ.ടിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ബാക്കി രണ്ട് വളവുകളുടെ ഡിസൈൻ തയ്യാറായിട്ടുണ്ടെന്നും ഉടൻ അംഗീകാരം ലഭിക്കുമെന്നുമാണ് വിവരം.
ഡൽഹി ആസ്ഥാനമായ കമ്പനിയാണ് പ്രവൃത്തി കരാറെടുത്തത്. മൂന്നു വളവുകളിലും മരങ്ങൾ നീക്കം ചെയ്ത് അരികുഭിത്തി നിർമിച്ച് റോഡ് വീതികൂട്ടി ടാറിംഗ് നടത്തുന്നതിനായി 22 കോടി രൂപയുടെ ടെൻഡറാണ് ഏറ്റെടുത്തിരിക്കുന്നത്.
വനഭൂമി ഉൾപ്പെട്ടതിനാൽ വനം വകുപ്പിന്റെ അനുമതി ആവശ്യമായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ദേശീയപാത വിഭാഗത്തിന് അനുമതി ലഭിച്ചത്. വളവുകൾ വീതികൂട്ടുന്നതിലൂടെ ചുരത്തിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുമെന്ന് വിലയിരുത്തുന്നു.









































