തൊടുപുഴ: മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ തൊടുപുഴയിൽ മത്സര ചിത്രം വ്യക്തമായി. എൽ.ഡി.എഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് (എം) നേതാവ് സിറിയക് ചാഴികാടനും യു.ഡി.എഫ് സ്ഥാനാർഥിയായി പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫും നേരത്തെ തന്നെ രംഗത്തിറങ്ങിയിരുന്നു. ബുധനാഴ്ച എൻ.ഡി.എ സ്ഥാനാർഥിയായി അഡ്വ. റോയി എ. വാരിക്കാട്ടിനെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ ത്രികോണ പോര് ഉറപ്പായി.
കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് എൻ.ഡി.എ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. അഞ്ച് മണ്ഡലങ്ങളിൽ തൊടുപുഴയിലാണ് ആദ്യം വ്യക്തമായ മത്സര ചിത്രം തെളിഞ്ഞത്.
അഡ്വ. റോയി എ. വാരിക്കാട്ട് തൊടുപുഴ ന്യൂമാൻ കോളേജിലെ യൂണിയൻ ചെയർമാനായിരുന്ന കാലം മുതൽ പൊതുപ്രവർത്തനത്തിൽ സജീവമാണ്. 2016ൽ തൊടുപുഴയിൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച അനുഭവവും അദ്ദേഹത്തിനുണ്ട്. അന്നത്തെ തെരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് 45,587 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.
യു.ഡി.എഫ് സ്ഥാനാർഥിയായ അപു ജോൺ ജോസഫ് ഐ.ടി ആൻഡ് പ്രഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണ്. ടെക്നോപാർക്കിലും തുടർന്ന് സ്വിറ്റ്സർലൻഡിലെ സ്വിസ് എയർലൈൻസിലും പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗം, ഹൈപവർ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
എൽ.ഡി.എഫ് സ്ഥാനാർഥിയായ സിറിയക് ചാഴികാടൻ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റാണ്. ഗാന്ധിയൻ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും എം.ബി.എയും നേടിയിട്ടുണ്ട്. വിവിധ യുവജന സംഘടനകളിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായ അദ്ദേഹം നിലവിൽ സംസ്ഥാന യുവജനക്ഷേമബോർഡ് അംഗവുമാണ്.
മുന്നണി സ്ഥാനാർഥികൾ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ തൊടുപുഴയിൽ തെരഞ്ഞെടുപ്പ് ആവേശം ശക്തമായി. ശക്തമായ ത്രികോണ പോരാട്ടമാണ് മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നത്.









































