നിർമിതബുദ്ധി, പുനരുപയോഗ ഊർജം, ധനകാര്യ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ സംയുക്ത പദ്ധതികൾ; ഗ്രീക്ക് കമ്പനികളുടെ സാന്നിധ്യത്തിൽ 19 ശതമാനം വർധന.
ഏതൻസ് — 23 ഒക്ടോബർ 2026 : ഗ്രീസും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ‘ഇൻവെസ്റ്റോപ്പിയ മെഡിറ്ററേനിയൻ – ഏതൻസ്’ ഉച്ചകോടിക്ക് ഗ്രീക്ക് തലസ്ഥാനത്ത് തുടക്കമായി. ഇരുരാജ്യങ്ങളിലെയും മന്ത്രിമാർ, വ്യവസായ പ്രമുഖർ, ബാങ്കിങ്-സാമ്പത്തിക സ്ഥാപനങ്ങളുടെ മേധാവികൾ എന്നിവരുൾപ്പെടെ അഞ്ഞൂറോളം പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദം പ്രായോഗിക ബിസിനസ്സ് പങ്കാളിത്തങ്ങളാക്കി മാറ്റുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യമെന്ന് യുഎഇ നിക്ഷേപ മന്ത്രിയും ഇൻവെസ്റ്റോപ്പിയ കോ-ചെയറുമായ മുഹമ്മദ് ഹസൻ അൽസുവൈദി വ്യക്തമാക്കി. ഊർജ സുരക്ഷ, സാങ്കേതിക മുന്നേറ്റം, വിപണിയിലെ മത്സരക്ഷമത എന്നിവ മുൻനിർത്തി ഇരുരാജ്യങ്ങളിലെയും കമ്പനികൾക്ക് സംയുക്തമായി പ്രവർത്തിക്കാനുള്ള മികച്ച അവസരമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗ്രീക്ക് സർക്കാരിൻ്റെ വൈസ് പ്രസിഡന്റ് കോസ്റ്റിസ് ഹത്സിദാകിസ്, സാമ്പത്തിക-ധനകാര്യ മന്ത്രി കിരിയാക്കോസ് പിയറാക്കാകിസ്, പരിസ്ഥിതി-ഊർജ മന്ത്രി സ്റ്റാവ്രോസ് പാപ്പസ്റ്റാവ്റു, ടൂറിസം മന്ത്രി ഓൾഗ കെഫലോഗിയാനി, വിദേശകാര്യ സഹമന്ത്രി ഹാരി തിയോഹാരിസ് എന്നീ അഞ്ച് മുതിർന്ന ക്യാബിനറ്റ് മന്ത്രിമാർ ഗ്രീസിനെ പ്രതിനിധീകരിച്ച് ചർച്ചകളിൽ അണിനിരന്നു. യുഎഇ പക്ഷത്തുനിന്ന് നിക്ഷേപ മന്ത്രാലയ അണ്ടർസെക്രട്ടറിയും ഇൻവെസ്റ്റോപ്പിയ പ്രസിഡന്റുമായ മുഹമ്മദ് അബ്ദുൽറഹ്മാൻ അൽഹവി, വ്യവസായ-നൂതന സാങ്കേതിക മന്ത്രാലയ അണ്ടർസെക്രട്ടറി ഹസൻ ജാസിം അൽ നൊവൈസ് എന്നിവരും പങ്കെടുത്തു.
അഡ്നോക് (ADNOC), ജി42 (G42), ഫസ്റ്റ് അബുദാബി ബാങ്ക് (FAB), അബുദാബി ഗ്ലോബൽ മാർക്കറ്റിൻ്റെ എഫ്എസ്ആർഎ (FSRA), യൂറോബാങ്ക്, ഏതൻസ് രാജ്യാന്തര വിമാനത്താവളം, ഹെല്ലെനിക് ഗ്രോത്ത് ഫണ്ട്, എന്റർപ്രൈസ് ഗ്രീസ്, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ പ്രമുഖ ആഗോള സ്ഥാപനങ്ങളുടെ നേതൃനിരയും സമ്മേളനത്തിന്റെ ഭാഗമായി.
യുഎഇ വിപണിയിൽ ഗ്രീക്ക് സംരംഭങ്ങൾ അതിവേഗം വളരുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2025 സെപ്റ്റംബർ അവസാനത്തോടെ 1,244 ആയിരുന്ന യുഎഇയിലെ ഗ്രീക്ക് കമ്പനികളുടെ എണ്ണം 2026 സെപ്റ്റംബർ ആയപ്പോഴേക്കും 1,483 ആയി ഉയർന്നു. ഒറ്റ വർഷത്തിനിടെ 19.2 ശതമാനത്തിന്റെ (239 പുതിയ കമ്പനികൾ) വർധനവാണിത്. ടൂറിസം മേഖലയിലും ഈ മുന്നേറ്റം പ്രകടമാണ്. യുഎഇ സന്ദർശിച്ച ഗ്രീക്ക് വിനോദസഞ്ചാരികളുടെ എണ്ണം 2024-ൽ 65,078 ആയിരുന്നത് 2025-ൽ 72,482 ആയി ഉയർന്നു (11.4 ശതമാനം വളർച്ച). ആഴ്ചയിൽ സർവീസ് നടത്തുന്ന 26 നേരിട്ടുള്ള വിമാനങ്ങൾ ഇരുരാജ്യങ്ങൾക്കുമിടയിലെ വാണിജ്യ, വിനോദസഞ്ചാര വിനിമയത്തിന് കരുത്തുപകരുന്നു.
പത്ത് പ്രധാന പാനൽ ചർച്ചകളും മൂന്ന് പ്രത്യേക വട്ടമേശ സമ്മേളനങ്ങളുമാണ് ഏതൻസ് ഉച്ചകോടിയിലുള്ളത്. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നീ വിപണികളെ പരസ്പരം ബന്ധിപ്പിക്കുന്ന വ്യാപാര ഇടനാഴികൾ, ഗ്രീക്ക് പരിസ്ഥിതി മന്ത്രി സ്റ്റാവ്രോസ് പാപ്പസ്റ്റാവ്റുവുമായുള്ള ഊർജ സംഭാഷണം, ക്ലീൻ എനർജി നിക്ഷേപം, ഗ്ലോബൽ എനർജി ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ വിശദമായ ചർച്ചകൾ നടന്നു. ഇതിനുപുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫിൻടെക്-ഡിജിറ്റൽ ആസ്തികൾ, പ്രൈവറ്റ് മാർക്കറ്റ് ഫണ്ടിങ് എന്നിവ അടിസ്ഥാനമാക്കിയുള്ള വിദഗ്ധ സെഷനുകളും സംഘടിപ്പിച്ചു.
2025 ജൂണിൽ സൈപ്രസിൽ തുടക്കം കുറിച്ച ‘ഇൻവെസ്റ്റോപ്പിയ മെഡിറ്ററേനിയൻ’ പരമ്പരയുടെ അടുത്ത ഘട്ടമാണ് ഏതൻസിൽ പൂർത്തിയായത്. 2026 ഡിസംബറിൽ ലണ്ടനിലും, 2027 മാർച്ച് മാസത്തിൽ അബുദാബിയിലും ഏപ്രിലിൽ മിലാനിലും തുടർച്ചയായ ഉച്ചകോടികൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. തുടർന്ന് ഇന്ത്യ, ചൈന, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും ഇൻവെസ്റ്റോപ്പിയ വിപുലീകരിക്കാൻ പദ്ധതിയുണ്ട്.










