ദുബൈ: മേഖലയിലെ സംഘർഷാന്തരീക്ഷത്തിനിടെ വിവിധ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഗോൾഡൻ വിസക്കാരും താമസക്കാരുമടങ്ങുന്ന ഏകദേശം 500ഓളം ആളുകളെ യു.എ.ഇ തിരിച്ചെത്തിച്ചതായി അധികൃതർ അറിയിച്ചു. തിരിച്ചുവരവിന് വിദേശകാര്യ മന്ത്രാലയവും ദേശീയ അടിയന്തര, ദുരന്തനിവാരണ അതോറിറ്റിയും (NCEMA) ചേർന്നാണ് സഹായമൊരുക്കിയത്.
“ജനങ്ങൾ ആദ്യം” എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ള യു.എ.ഇയുടെ മാനവിക സമീപനത്തിന്റെയും രാജ്യത്തിന്റെ നേതൃത്വത്തിന്റെ കാഴ്‌ചപ്പാടിന്റെയും പ്രതിഫലനമാണ് ഈ നടപടികളെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. വിവിധ കര-വ്യോമ അതിർത്തികൾ വഴിയാണ് കുടുങ്ങിയവരെ യു.എ.ഇയിൽ എത്തിച്ചത്.
സംഘർഷം ആരംഭിച്ചതിന് ശേഷം വിവിധ രാജ്യങ്ങളിൽ നിന്നായി 6,000ത്തിലധികം പൗരന്മാരെയും സഹായികളെയും ഇതിനകം നാട്ടിലെത്തിച്ചതായും അധികൃതർ അറിയിച്ചു.
രാജ്യത്ത് താമസിക്കുന്ന പൗരന്മാരുടെയും വിദേശികളുടെയും ജീവിത നിലവാരം ഉയർത്തുകയും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുകയും ചെയ്യുകയാണ് യു.എ.ഇയുടെ പ്രധാന നയം എന്ന് അധികൃതർ വ്യക്തമാക്കി. മേഖലയിൽ സംഘർഷം ആരംഭിച്ച ആദ്യ നിമിഷം മുതൽ തന്നെ ബന്ധപ്പെട്ട ഏജൻസികൾ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സജ്ജമായിരുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.
പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷയാണ് യു.എ.ഇയുടെ പ്രധാന മുൻഗണനകളിലൊന്ന് എന്ന് അധികൃതർ വീണ്ടും വ്യക്തമാക്കി. തിരിച്ചെത്തിക്കൽ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയതിലൂടെ ദേശീയ സ്ഥാപനങ്ങളുടെ ഏകോപിത പ്രവർത്തനവും യു.എ.ഇ ഭരണ സംവിധാനത്തിന്റെ കാര്യക്ഷമതയും തെളിഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു.









































