അബുദാബി: ഈ വർഷത്തെ പെരുന്നാൾ (ഈദുൽ ഫിത്ർ) നമസ്കാരം യുഎഇയിൽ പള്ളികളിൽ മാത്രം നടത്താൻ തീരുമാനിച്ചു. തുറസായ ഈദ് ഗാഹുകളിലോ പൊതുസ്ഥലങ്ങളിലോ നമസ്കാരം അനുവദിക്കില്ലെന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് ആന്റ് എൻഡോവ്‌മെന്റ്സ് അറിയിച്ചു.
വിശ്വാസികളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബിൾ വർക്ക് ഡിപ്പാർട്ട്‌മെന്റും ഷാർജ ഇസ്‌ലാമിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് ഏകോപിതമായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
പള്ളികളിലെ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ വിശ്വാസികളോട് അഭ്യർത്ഥിച്ചു.
ഇന്ന് (ബുധൻ) വൈകിട്ട് യുഎഇയിലെ ചന്ദ്രദർശന സമിതി യോഗം ചേർന്ന് ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കും. ഇന്ന് മാസപ്പിറവി ദൃശ്യമായാൽ വ്യാഴാഴ്ച പെരുന്നാൾ ആഘോഷിക്കും. അല്ലാത്തപക്ഷം റമസാൻ 30 ദിവസം പൂർത്തിയാക്കി വെള്ളിയാഴ്ചയായിരിക്കും ഈദുൽ ഫിത്ർ.
ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഇത്തവണ റമസാൻ 30 ദിവസം പൂർത്തിയാകാൻ സാധ്യതയുള്ളതിനാൽ 20-ാം തീയതി പെരുന്നാൾ വരാമെന്നാണ് വിലയിരുത്തൽ.
Emglish Summary: Eid-ul-Fitr prayers in the UAE will be held only inside mosques this year. Authorities have restricted prayers in open grounds for safety reasons. Officials asked people to follow guidelines. The moon-sighting committee will decide the Eid date, which may fall on Thursday or Friday depending on the moon.











































