അബൂദബി: ഹുർമുസ് കടലിടുക്കിനെ ആയുധമാക്കാനുള്ള ശ്രമങ്ങൾ ആഗോള സാമ്പത്തിക ഭീകരവാദത്തോട് സമമാണെന്ന് യു.എ.ഇ വ്യവസായ-അഡ്വാൻസ്ഡ് ടെക്‌നോളജി മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബിർ പറഞ്ഞു.
അമേരിക്കയിലെ ടെക്സാസിൽ നടക്കുന്ന ആഗോള ഊർജ സമ്മേളനമായ ‘സെറാവീക്ക്’ (CERAWeek) സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹുർമുസ് കടലിടുക്ക് തടസ്സപ്പെടുന്നത് ലോകത്തിന്റെ എണ്ണ, വാതകം, വളം എന്നിവയുടെ വിതരണ ശൃംഖലയെ ഗുരുതരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇതിന്റെ ആഘാതം വ്യവസായ മേഖലയിൽ നിന്ന് സാധാരണ കുടുംബങ്ങളിലേക്കും വ്യാപിക്കുമെന്നും, കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ എണ്ണവിലയിൽ 50 ശതമാനം വർധന ഉണ്ടായതും ഈ ഭീഷണിയുടെ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള ഊർജ സുരക്ഷ ഉറപ്പാക്കുന്നത് അനിവാര്യമാണെന്നും ഹുർമുസ് കടലിടുക്ക് തുറന്ന നിലയിൽ നിലനിർത്തുക മാത്രമാണ് ദീർഘകാല പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി. ഊർജ മേഖലയിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബൂദബിയിൽ നവംബർ മാസത്തിൽ നടക്കുന്ന ‘അഡിപെക് 2026’ സമ്മേളനത്തിലേക്ക് ലോക രാജ്യങ്ങളെയും പങ്കാളികളെയും അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.









































