81-ാമത് യുഎൻ പൊതുസഭാ സമ്മേളനത്തിന്റെ മൂന്നാം ദിനത്തിൽ ഫിൻലൻഡ് പ്രസിഡന്റുമായും ലോകാരോഗ്യ സംഘടനാ മേധാവിയുമായും യുഎഇ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി.
ന്യൂയോർക്ക് — 27 സെപ്റ്റംബർ 2026: 81-ാമത് ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിന്റെ മൂന്നാം ദിനത്തിൽ ആഗോളതലത്തിൽ നിർണായകമായ നയതന്ത്ര, സാമ്പത്തിക, പരിസ്ഥിതി വിഷയങ്ങളിൽ സജീവ ഇടപെടലുകളുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ഫിൻലൻഡ് പ്രസിഡന്റ്, ലോകാരോഗ്യ സംഘടനാ മേധാവി, വിവിധ അന്താരാഷ്ട്ര സംഘടനാ പ്രതിനിധികൾ എന്നിവരുമായി യുഎഇ മന്ത്രിതല സംഘം ന്യൂയോർക്കിൽ വിപുലമായ ചർച്ചകൾ നടത്തി.
വ്യവസായം, നൂതന സാങ്കേതികവിദ്യ, കാലാവസ്ഥാ സംരക്ഷണം, ആരോഗ്യരംഗം, പശ്ചിമേഷ്യൻ സമാധാനം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു യുഎഇയുടെ നയതന്ത്ര കൂടിക്കാഴ്ചകൾ.
യുഎഇ വ്യവസായ, നൂതന സാങ്കേതികവിദ്യാ മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിനൊപ്പം പുനരുപയോഗ ഊർജം, വ്യവസായ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലമാക്കാനും നേതാക്കൾ ധാരണയിലെത്തി.
ആഫ്രിക്കൻ-പശ്ചിമേഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തണമെന്ന് വിദേശ വ്യാപാര മന്ത്രി ഡോ. താനി അൽ സെയൂദി ആവശ്യപ്പെട്ടു. ന്യൂയോർക്കിൽ നടന്ന എട്ടാമത് യൂറോപ്യൻ കോർപ്പറേറ്റ് കൗൺസിൽ ഓൺ ആഫ്രിക്ക ആൻഡ് മിഡിൽ ഈസ്റ്റ് (ഇസിഎഎം) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് യുഎസ്-യുഎഇ ബിസിനസ് കൗൺസിൽ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്ത അദ്ദേഹം അമേരിക്കൻ വ്യവസായ പ്രമുഖരുമായി ഉഭയകക്ഷി നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്തു.
ആരോഗ്യ സംരക്ഷണ രംഗത്തെ ആഗോള വെല്ലുവിളികൾ നേരിടുന്നതിനായി ലോകാരോഗ്യ സംഘടനാ (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസുമായി യുഎഇ പ്രതിനിധി സംഘം ചർച്ച നടത്തി. യുഎഇ ആരോഗ്യ മന്ത്രി അഹമ്മദ് അൽ സായിഗ്, ആരോഗ്യ സഹമന്ത്രി ഡോ. മഹാ ബറകാത്ത് എന്നിവരാണ് ലോകാരോഗ്യ സംഘടനാ ആസ്ഥാന നേതൃത്വവുമായി ആശയവിനിമയം നടത്തിയത്. ചികിത്സയേക്കാൾ രോഗപ്രതിരോധത്തിന് പ്രാധാന്യം നൽകുന്ന ആരോഗ്യ സംവിധാനങ്ങൾ വികസിപ്പിക്കണമെന്ന് ‘ഫ്യൂച്ചർ ഹെൽത്ത് ഹൈ-ലെവൽ ഡയലോഗ്’ സമ്മേളനത്തിൽ യുഎഇ വ്യക്തമാക്കി. സഹമന്ത്രി സയീദ് അൽ ഹാജിരി കൂടി പങ്കെടുത്ത ലൈഫ് സയൻസസ്, ഫാർമസ്യൂട്ടിക്കൽസ് വട്ടമേശ സമ്മേളനത്തിൽ ആഗോള ഔഷധ നിർമാണ രംഗത്തെ സഹകരണവും ചർച്ചയായി.
സമുദ്രനിരപ്പ് ഉയരുന്നതുമൂലം തീരദേശ രാജ്യങ്ങൾ നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാൻ ജനറൽ അസംബ്ലി പ്രസിഡന്റ് ഖലീലുർ റഹ്മാന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല പ്ലീനറി യോഗത്തിൽ യുഎഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. ആംന അൽ ദഹാക് പങ്കെടുത്തു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം നേരിടുന്ന ദ്വീപ്-തീരദേശ രാജ്യങ്ങൾക്ക് ആഗോള സമൂഹം അടിയന്തര പിന്തുണ നൽകണമെന്ന് യുഎഇ ആവശ്യപ്പെട്ടു.
പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾ ലക്ഷ്യമിട്ട് സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ, നോർവേ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ദ്വിരാഷ്ട്ര പരിഹാര കൂട്ടായ്മയുടെ മന്ത്രിതല യോഗത്തിൽ യുഎഇ വിദേശകാര്യ സഹമന്ത്രി ഖലീഫ ഷഹീൻ അൽ മറാറും പങ്കെടുത്തു. യുഎൻ രക്ഷാസമിതി പ്രമേയം 2803 അടിസ്ഥാനമാക്കിയുള്ള സമാധാന പദ്ധതികൾ നടപ്പാക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒഐസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും അഡ്‌ഹോക്ക് ലെയ്സൺ കമ്മിറ്റി (എഎച്ച്എൽസി) യോഗത്തിലും പങ്കെടുത്ത അൽ മറാഹ്, പലസ്തീൻ ജനതയ്ക്കുള്ള സഹായ വിതരണം വേഗത്തിലാക്കാൻ സംയുക്ത നീക്കം വേണമെന്ന് ഓർമ്മിപ്പിച്ചു. സിംഗപ്പൂർ വിദേശകാര്യ മന്ത്രി ഡോ. വിവിയൻ ബാലകൃഷ്ണൻ ആതിഥേയത്വം വഹിച്ച ഫോറം ഓഫ് സ്മോൾ സ്റ്റേറ്റ്സ് (ഫോസ്) സമ്മേളനത്തിൽ സഹമന്ത്രി സയീദ് അൽ ഹാജിരിയും യുഎഇയെ പ്രതിനിധീകരിച്ചു.










