ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. 95 മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിക്കും. മുസ്‌ലിം ലീഗ് 27 സീറ്റുകളിലും കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) എട്ട് മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തും.
കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം മുമ്പ് മത്സരിച്ചിരുന്ന ഇടുക്കി, ഏറ്റുമാനൂർ മണ്ഡലങ്ങൾ ഇത്തവണ കോൺഗ്രസിന് വിട്ടുനൽകിയിട്ടുണ്ട്. ഇതിന് പകരമായി കാഞ്ഞങ്ങാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകാൻ ധാരണയായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിൽ മത്സരിച്ച ആർ.എസ്.പി ഇത്തവണയും അതേ സീറ്റുകൾ നിലനിർത്തും.
മട്ടന്നൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുകയും പകരമായി പയ്യന്നൂർ വെച്ചുമാറുകയും ചെയ്യാനായിരുന്നു നീക്കം. എന്നാൽ പി. കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ ആർ.എസ്.പി-കോൺഗ്രസ് നേതൃത്വം അദ്ദേഹത്തിന് പിന്തുണ നൽകാൻ തീരുമാനിച്ചു.
കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിലെ അനൂപ് ജേക്കബിന് പിറവവും സി.എം.പി-യ്ക്ക് തിരുവനന്തപുരം സീറ്റും നൽകും. മാണി സി. കാപ്പന്റെ പാർട്ടിയായ കെ.ഡി.പി-യ്ക്ക് പാലാ സീറ്റ് വിട്ടുനൽകും.
അതേസമയം, തൃണമൂൽ കോൺഗ്രസിന്റെ പി.വി. അൻവർ യുഡിഎഫ് സ്ഥാനാർഥിയായി ബേപ്പൂർ മണ്ഡലത്തിൽ മത്സരിക്കും. കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും സതീശൻ വ്യക്തമാക്കി.
സ്ഥാനാർഥി പട്ടിക വൈകിയതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്കും സതീശൻ മറുപടി നൽകി. “പോക്കറ്റിൽ നിന്ന് പേപ്പർ എടുത്ത് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നവരല്ല കോൺഗ്രസ്. സമഗ്രമായ ചർച്ചകൾക്ക് ശേഷം മാത്രമാണ് സ്ഥാനാർഥികളെ തീരുമാനിക്കുന്നത്,” എന്നും അദ്ദേഹം പറഞ്ഞു.








































