ചെന്നൈ: വിജയ് മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിൽ സമർപ്പിച്ച നാമനിർദേശ പത്രികകളിലെ സ്വത്തുവിവരങ്ങളിൽ വലിയ വ്യത്യാസം കണ്ടെത്തിയതായി പരാതി. പെരമ്പൂർ മണ്ഡലത്തിൽ നൽകിയ സത്യവാങ്മൂലത്തിൽ 115 കോടി രൂപയുടെ സ്വത്താണെന്ന് രേഖപ്പെടുത്തിയപ്പോൾ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലെ രേഖയിൽ 220 കോടി രൂപയുടെ സ്വത്താണെന്ന് വ്യക്തമാക്കിയിരിക്കുന്നു.
ഈ വ്യത്യാസം ചൂണ്ടിക്കാട്ടി പെരമ്പൂർ സ്വദേശി വിഘ്നേഷ് കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് രേഖകളിലെ ഈ പൊരുത്തക്കേട് ഗൗരവമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.
അതേസമയം, ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുന ഭാര്യയുടെ സ്വത്തുവിവരങ്ങൾ മറച്ചുവച്ചതായും പരാതിയിൽ ആരോപിക്കുന്നു.
കൂടാതെ, മൈലാപ്പൂരിലെ ബിജെപി സ്ഥാനാർഥിയായ തമിഴിസൈ സൗന്ദർരാജന്റെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ വ്യത്യസ്തമായ സ്വത്തുവിവരങ്ങൾ നൽകിയതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇതിനുപുറമേ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, അണ്ണാ ഡിഎംകെ മുൻ മന്ത്രിമാരായ ഡി. ജയകുമാർ, സി.വി. ഷൺമുഖം, ആർ.ബി. ഉദയകുമാർ, ഡിണ്ടിഗൽ ശ്രീനിവാസൻ, പി. തങ്കമണി, ബിജെപി സ്ഥാനാർഥി വാനതി ശ്രീനിവാസൻ എന്നിവർക്കെതിരെയും പരാതികൾ ഉയർന്നിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് ഉടൻ പരിഗണിക്കുമെന്ന് കോടതി വൃത്തങ്ങൾ അറിയിച്ചു.








































