രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ആക്രമണങ്ങളുടെയോ സൈനിക പ്രവർത്തനങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തുകയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുകയോ ചെയ്യരുതെന്ന് വിവിധ മന്ത്രാലയങ്ങൾ മുന്നറിയിപ്പ് നൽകി. ദൃശ്യങ്ങൾ പകർത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും അത്യന്തം ജാഗ്രത പാലിക്കണമെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫീസ് (GCO) ആവർത്തിച്ച് അറിയിച്ചു.
സുരക്ഷാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളെയോ സ്ഥലങ്ങളെയോ ചിത്രീകരിക്കുന്നത് പൊതുസുരക്ഷയ്ക്ക് ഭീഷണിയാകാം. ഇത്തരത്തിലുള്ള ദൃശ്യങ്ങൾ പുറത്തുവന്നാൽ സൈനിക നീക്കങ്ങളുടെ കൃത്യമായ സ്ഥാനങ്ങൾ ശത്രുക്കൾക്ക് മനസ്സിലാക്കാനും അത് ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
രാജ്യത്തിന്റെ സുരക്ഷയും പൊതുജനങ്ങളുടെ സുരക്ഷയും മുൻഗണനയായി കാണണമെന്ന് അധികൃതർ വ്യക്തമാക്കി.ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ദൃശ്യങ്ങൾ പകർത്തുന്നതിനോ പ്രചരിപ്പിക്കുന്നതിനോ മുൻപ് ഉത്തരവാദിത്വത്തോടെ ചിന്തിക്കണം എന്നും സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫീസ് ഓർമ്മിപ്പിച്ചു.
ആക്രമണങ്ങൾക്ക് പിന്നാലെ നിലത്ത് വീഴുന്ന മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ ഉയർന്ന വേഗത്തിലാണ് പതിക്കുന്നത്. ഇവ ശരീരത്തിൽ തട്ടിയാൽ ഗുരുതരമായ പരിക്കുകൾക്ക് കാരണമാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ആക്രമണ അവശിഷ്ടങ്ങൾക്കടുത്തേക്ക് ചിത്രീകരണത്തിനോ ഫോട്ടോ എടുക്കുന്നതിനോ പോകുന്നത് അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സുരക്ഷാ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന തരത്തിലുള്ള ചിത്രീകരണങ്ങളും തെറ്റായ വിവര പ്രചരിപ്പിക്കലും നിയമവിരുദ്ധമാണ്. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫീസ് അറിയിച്ചു.








































