ദുബായ്:എത്തിച്ചുകൊടുക്കാൻ ഒരു ഓർഡർ കൈയിലുണ്ടായിരുന്നു. പക്ഷേ, റോഡിലേക്ക് വെള്ളം കുത്തിയൊഴുകുന്നതും യാത്രക്കാർ ബുദ്ധിമുട്ടുന്നതും കണ്ടപ്പോൾ മുഹമ്മദ് പർവേസിന് കടന്നുപോകാനായില്ല. ബൈക്ക് നിർത്തി, തകരാറിലായ പൈപ്പ് ശരിയാക്കി വെള്ളച്ചോർച്ച തടഞ്ഞ ഈ ഇന്ത്യൻ ഡെലിവറി യുവാവിന്റെ കരുതലിന് ദുബായുടെ ആദരം.
ഇന്ത്യക്കാരനായ പർവേസ് ഓർഡർ എത്തിക്കാനുള്ള യാത്രയ്ക്കിടെയാണ് വെള്ളച്ചോർച്ച ശ്രദ്ധിച്ചത്. പരിശോധിച്ചപ്പോൾ റോഡരികിലെ ചെടികൾക്ക് വെള്ളമെത്തിക്കുന്ന ജലസേചന പൈപ്പ് തകരാറിലായതായി കണ്ടെത്തി. ശക്തമായി ഒഴുകിയ വെള്ളം ഗതാഗതത്തിന് തടസ്സവും വാഹനയാത്രക്കാർക്ക് സുരക്ഷാഭീഷണിയും സൃഷ്ടിക്കുന്നുണ്ടായിരുന്നു.പൈപ്പ് ശരിയാക്കുക തന്റെ ജോലിയുടെ ഭാഗമായിരുന്നില്ല. എങ്കിലും മറ്റുള്ളവരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ പർവേസ് മുന്നിട്ടിറങ്ങി. ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും അദ്ദേഹം പിന്മാറിയില്ല. വീണ്ടും ശ്രമിച്ച് ഒടുവിൽ റോഡിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞു.

ഞാൻ ശ്രമം ഉപേക്ഷിച്ചില്ല. വെള്ളത്തിന്റെ ഒഴുക്ക് തടയണമെന്ന് തീരുമാനിച്ചു,- പർവേസ് പറഞ്ഞു.അദ്ദേഹത്തിന്റെ ഇടപെടൽ സ്വദേശി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹമദ് മൊബൈലിൽ പകർത്തി പങ്കുവെച്ചു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പർവേസിന്റെ ഉത്തരവാദിത്തബോധത്തെ അഭിനന്ദിച്ച് സ്വദേശികൾ അടക്കം നിരവധി പേർ രംഗത്തെത്തി. ദൃശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിലുമെത്തി.
തുടർന്ന് പർവേസിനെ ജബൽ അലിയിലെ പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് ഓഫീസിലേക്ക് ക്ഷണിച്ച് ആദരിച്ചു. ദുബായ് തൊഴിൽകാര്യ സ്ഥിരം സമിതിയിലെ അബ്ദുള്ള ലഷ്കരി അദ്ദേഹത്തെ അഭിനന്ദിച്ച് സർട്ടിഫിക്കറ്റും സമ്മാനവും കൈമാറി.പൊതുസുരക്ഷയ്ക്കും സമൂഹസേവനത്തിനും നൽകിയ സംഭാവന മാനിച്ചാണ് ആദരിച്ചതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്–ദുബായ് അറിയിച്ചു. ഒരാളുടെ ഉത്തരവാദിത്തബോധത്തോടെയുള്ള ചെറിയ ഇടപെടൽപോലും സമൂഹത്തിന് ഗുണകരമാകുന്നതിന്റെ ഉദാഹരണമാണ് പർവേസിന്റെ പ്രവൃത്തിയെന്നും അധികൃതർ വ്യക്തമാക്കി.
ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പർവേസിനെ തന്റെ ഓഫീസിൽ സ്വീകരിച്ച് അഭിനന്ദിക്കുമെന്നും അറിയിച്ചു.ലഭിച്ച സ്നേഹത്തിനും അംഗീകാരത്തിനും പർവേസ് ദുബായിലെ ജനങ്ങളോടും അധികൃതരോടും നന്ദി പറഞ്ഞു. എനിക്ക് ഇത്രയേറെ സ്നേഹവും അഭിനന്ദനവും ലഭിച്ചു. ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് നന്ദി. ഐ ലവ് യൂ, ദുബായ്,- ഇന്ത്യൻ യുവാവ് പ്രതികരിച്ചു.
ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മറ്റുള്ളവരുടെ ബുദ്ധിമുട്ട് സ്വന്തം കാര്യമായി കാണാൻ പർവേസ് തയ്യാറായി. പാഴായൊഴുകിയ വെള്ളം തടഞ്ഞ അദ്ദേഹത്തിന്റെ കൈകളിലേക്ക് സർട്ടിഫിക്കറ്റും സമ്മാനവും എത്തിയപ്പോൾ, അംഗീകരിക്കപ്പെട്ടത് ആ പ്രവൃത്തി മാത്രമല്ല. അതിനു പിന്നിലെ കരുതൽ കൂടിയായിരുന്നു.










