ആദ്യ രചനയായ ‘ബിയോണ്ട് ദ ലെറ്റർ ഓഫ് ക്രിപ്റ്റിക് ഫേറ്റ്’ നവംബർ 14-ന് എക്സ്പോ സെന്ററിൽ പ്രകാശനം ചെയ്യും
ഷാർജ, യു.എ.ഇ — പന്ത്രണ്ടാം വയസ്സിൽ മിസ്റ്ററി നോവലിലൂടെ സാഹിത്യരംഗത്ത് അരങ്ങേറ്റം കുറിച്ച് മലയാളി ബാലിക അമേയ കല്ലഴി. അമേയ രചിച്ച ‘ബിയോണ്ട് ദ ലെറ്റർ ഓഫ് ക്രിപ്റ്റിക് ഫേറ്റ്’ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും.
നവംബർ 14-ന് വൈകിട്ട് 6.30-ന് ഷാർജ എക്സ്പോ സെന്ററിലെ റൈറ്റേഴ്സ് ഫോറം സ്റ്റാൾ നമ്പർ ZE1-ൽ വെച്ചാണ് പ്രകാശനച്ചടങ്ങ് നടക്കുക.
കേരളത്തിൽ ജനിച്ച അമേയ ഏഴാം വയസ്സുമുതൽ വായനയിലും കഥപറച്ചിലിലും സജീവ താല്പര്യം പ്രകടിപ്പിച്ചിരുന്നു. മുത്തശ്ശി പറഞ്ഞുകൊടുത്ത നാടോടിക്കഥകളും പുസ്തകങ്ങളോടുള്ള ആഭിമുഖ്യവുമാണ് ചെറുപ്രായത്തിൽത്തന്നെ നോവലെഴുത്തിലേക്ക് വഴിതുറന്നത്.

പഴയകാല സന്ദേശക്കൈമാറ്റ രീതികളും കത്തുകളും രഹസ്യങ്ങളും അന്വേഷിച്ചിറങ്ങുന്ന മെറ്റിൽഡ മാക്രെ എന്ന പെൺകുട്ടിയുടെ കഥയാണ് നോവലിന്റെ പ്രമേയം. സൗഹൃദം, ദയ, അതിജീവനം, നഷ്ടങ്ങൾ, വിധിയുടെ സ്വാധീനം എന്നിവ മുൻനിർത്തി മിസ്റ്ററി-സസ്പെൻസ് പശ്ചാത്തലത്തിലാണ് കൃതി തയ്യാറാക്കിയിരിക്കുന്നത്.
ചെറുപ്രായത്തിൽത്തന്നെ സമ്പൂർണ്ണ നോവൽ പൂർത്തിയാക്കി പുസ്തകോത്സവ വേദിയിലെത്തുന്ന അമേയയുടെ നേട്ടം രാജ്യാന്തര പുസ്തകമേളയിലെ ശ്രദ്ധേയമായ സാന്നിധ്യമായി മാറുകയാണ്.










