അബൂദബി: വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സലൂകി നായയെ അധികൃതർ രക്ഷപ്പെടുത്തി. അൽ ഷവാമഖ് ഹൈവേയുടെ അരികിൽ നിന്ന് ഭക്ഷണം കിട്ടാതെ മെലിഞ്ഞും അത്യന്തം ക്ഷീണിതയായ അവസ്ഥയിലുമാണ് നായയെ കണ്ടെത്തിയത്.ക്യാറ്റ് റസ്ക്യൂവറായ മാജിദ അൽ ഹൊസനിയാണ് നായയെ ആദ്യം കാണുകയും, ഇതിനെ രക്ഷിക്കാൻ സുഹൃത്തുക്കളുടെ സഹായം ഫേസ്ബുക്കിലൂടെ തേടുകയും ചെയ്തത്. തുടർന്ന് സലൂകി ഓഫ് അറേബ്യ ക്ലബ് ഡയറക്ടർ ഹമദ് അൽ ഗാനിം വിഷയത്തിൽ ഇടപെട്ട് പൊലീസ് സഹായത്തോടെ നായയെ രക്ഷിക്കുകയായിരുന്നു.തെരുവുനായ്ക്കളെയും ഉപേക്ഷിക്കപ്പെട്ട നായ്ക്കളെയും സംരക്ഷിക്കുന്ന ഹൗസ് ഓഫ് ഹൗണ്ട്‌സ് എന്ന സംഘടനയുടെ പരിചരണത്തിലാണ് നായ ഇപ്പോൾ. പട്ടിണി മൂലം എല്ലുംതോലുമായ നിലയിലായിരുന്നു നായയെന്നും ദേഹമാകെ പരിക്കേറ്റിരുന്നുവെന്നും ഹൗസ് ഓഫ് ഹൗണ്ട്‌സ് സ്ഥാപകൻ റവാൻ ഗുനൈം പറഞ്ഞു.നായയുടെ പിൻകാലിന് മുടന്തുണ്ടായിരുന്നുവെന്നും വാഹനമിടിച്ചതിനെ തുടർന്നാകാമെന്നുമാണ് പ്രാഥമിക നിഗമനം. ആവശ്യമായ മരുന്നുകളും പരിചരണവും നൽകിയതോടെ നായയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും, വൈകാതെ തന്നെ നായയെ സ്നേഹത്തോടെ വളർത്താൻ തയ്യാറുള്ളവർ ദത്തെടുക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









































