തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുപ്രകാരം തെക്കുപടിഞ്ഞാറൻ മൺസൂൺ ശനിയാഴ്ച തെക്കുകിഴക്കൻ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേക്കും തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും ആൻഡമാൻ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും വ്യാപിച്ചു.
കേരളത്തിൽ മേയ് 26ഓടെ കാലവർഷം എത്തിച്ചേരാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മേയ് 20 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് ബാധകമായിരിക്കും.
മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ നിർദേശങ്ങൾ കൃത്യമായി പിന്തുടരണമെന്നും അധികൃതർ അറിയിച്ചു.








































