തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ചയും ഞായറാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും, ഏപ്രിൽ 27 മുതൽ 29 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
ഇടിമിന്നൽ മനുഷ്യജീവനും വൈദ്യുത ശൃംഖലകൾക്കും ഗുരുതരമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ കർശന ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
പ്രധാന നിർദ്ദേശങ്ങൾ
വീടിനുള്ളിൽ സുരക്ഷിതരായിരിക്കുക: ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ജനലും വാതിലും അടച്ചിടുക. ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം.
വൈദ്യുതോപകരണങ്ങൾ: മിന്നൽ സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ടെലഫോൺ ഉപയോഗം ഒഴിവാക്കണം (മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ തടസ്സമില്ല).
പുറത്തിറങ്ങുന്നത് ഒഴിവാക്കുക: അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികളെ പുറത്ത് കളിക്കാൻ വിടരുത്. ടെറസിലോ മുറ്റത്തോ തുണി എടുക്കാൻ പോകുന്നത് ഒഴിവാക്കുക.
വാഹനങ്ങൾ: യാത്രയിലാണെങ്കിൽ വാഹനത്തിനുള്ളിൽ തന്നെ തുടരുക. സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവയിലുള്ള യാത്ര ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടുക. മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.
ജലാശയങ്ങൾ: ഇടിമിന്നലുള്ളപ്പോൾ കുളിക്കുന്നത് ഒഴിവാക്കണം. മീൻപിടുത്തം, ബോട്ടിങ് എന്നിവ ഉടൻ നിർത്തിവെച്ച് കരയിലേക്ക് മാറണം.
മൃഗങ്ങളുടെ സുരക്ഷ: വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്. മഴമേഘം കണ്ടു തുടങ്ങുമ്പോൾ തന്നെ അവയെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം.
അടിയന്തര സാഹചര്യത്തിൽ
തുറസായ സ്ഥലത്ത് കുടുങ്ങിയാൽ പാദങ്ങൾ ചേർത്ത് തല മുട്ടുകൾക്കിടയിൽ ഒതുക്കി താഴേക്ക് കുനിഞ്ഞിരിക്കണം. മിന്നലേറ്റ വ്യക്തിക്ക് ഉടൻ പ്രഥമ ശുശ്രൂഷ നൽകുകയും വൈദ്യസഹായം ലഭ്യമാക്കുകയും വേണം.
മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം നിലനിൽക്കില്ലെന്നും, അതിനാൽ സഹായിക്കാൻ മടിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി. ആദ്യ 30 സെക്കൻഡുകൾ ജീവൻ രക്ഷിക്കാൻ നിർണായകമാണെന്നും മുന്നറിയിപ്പ് നൽകി.









































