ദുബായ്: ദുബായിൽ നിന്ന് കേരളത്തിലേക്ക് സ്ഥലംമാറി പോകുന്ന ഗൾഫ് മാധ്യമം ബ്യൂറോ ഹെഡ് ടി.കെ മനാഫിന് സഹപ്രവർത്തകർ ഹൃദ്യമായ യാത്രയയപ്പ് നൽകി. യുഎഇയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഐ.എം.എഫ് സംഘടിപ്പിച്ച ചടങ്ങിലാണ് യാത്രയയപ്പ് നൽകിയത്.
മൂന്ന് വർഷക്കാലം ദുബായിൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവമായിരുന്ന ടി.കെ മനാഫ് ഇനി കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കാനാണ് മടങ്ങുന്നത്. ഈ കാലയളവിൽ യുഎഇയിലെ മാധ്യമരംഗത്ത് നൽകിയ സംഭാവനകളും സഹപ്രവർത്തകരുമായുണ്ടാക്കിയ ആത്മബന്ധവും ചടങ്ങിൽ അനുസ്മരിച്ചു.
അതോടൊപ്പം ഗൾഫ് മാധ്യമത്തിന്റെ പുതിയ ബ്യൂറോ ചുമതല ഏറ്റെടുത്ത എൻ.എസ് നിസാറിനെ ചടങ്ങിൽ ഐ.എം.എഫ് അംഗങ്ങൾ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്തു. സംഘടനയുടെ കോഓർഡിനേറ്റർമാരായ വനിത വിനോദ്, റോയ് റാഫേൽ, യാസിർ അറാഫത്ത് എന്നിവർ ചേർന്ന് ടി.കെ മനാഫിന് ഉപഹാരം സമ്മാനിച്ചു.

യാത്രയയപ്പ് ചടങ്ങിൽ സംസാരിച്ച ടി.കെ മനാഫ് ദുബായിലെ മാധ്യമ പ്രവർത്തന അനുഭവങ്ങൾ പങ്കുവെക്കുകയും സഹപ്രവർത്തകരോടും ഐ.എം.എഫ് അംഗങ്ങളോടും നന്ദി അറിയിക്കുകയും ചെയ്തു.













































