ഷാർജ: സ്മാർട്ട്‌ഫോണുകൾ, ഡെലിവറി ആപ്പുകൾ, ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകൾ എന്നിവ കുട്ടികൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ഷാർജ ഫാമിലി ആൻഡ് കമ്യൂണിറ്റി കൗൺസിലിന് കീഴിലുള്ള ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ. സാങ്കേതികവിദ്യ നൽകുന്ന സൗകര്യങ്ങൾ ഒരിക്കലും കുടുംബത്തിന്റെ മേൽനോട്ടത്തിന് പകരമാകരുതെന്ന് ഓർഗനൈസേഷൻ ഓർമിപ്പിച്ചു.
ഭക്ഷണ വിതരണം, ഓൺലൈൻ ഷോപ്പിങ്, ദൈനംദിന ആവശ്യങ്ങൾ എന്നിവ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിനാൽ ഡെലിവറി സേവനങ്ങൾ കുടുംബജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. എന്നാൽ കുട്ടികൾ സ്വതന്ത്രമായി ഇത്തരം സേവനങ്ങൾ ഉപയോഗിക്കുന്നത് പല സുരക്ഷാ പ്രശ്നങ്ങൾക്കും വഴിവെക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കുട്ടികൾക്ക് എന്തൊക്കെ ഓർഡർ ചെയ്യാം, എങ്ങനെ പണം നൽകാം, ഡെലിവറി സാധനങ്ങൾ സ്വീകരിക്കാൻ അനുവാദമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ മാതാപിതാക്കൾ വ്യക്തമായ നിയന്ത്രണങ്ങളും അതിർവരമ്പുകളും നിശ്ചയിക്കണമെന്ന് നിർദേശിച്ചു. ചില കുട്ടികൾ മാതാപിതാക്കളുടെ അറിവില്ലാതെ ഭക്ഷണ സാധനങ്ങളോ കളിപ്പാട്ടങ്ങളോ ഓർഡർ ചെയ്യാൻ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നും സാധനങ്ങൾ എത്തുമ്പോൾ അവ സ്വയം കൈപ്പറ്റാൻ ശ്രമിക്കുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.
മുതിർന്നവരുടെ അറിവോടെയും അനുമതിയോടെയും മാത്രമേ ഓൺലൈൻ പർച്ചേസുകളും ഡെലിവറികളും നടത്താവൂ എന്ന ബോധവൽക്കരണം കുട്ടികൾക്ക് നൽകേണ്ടത് കുടുംബങ്ങളുടെ ഉത്തരവാദിത്വമാണെന്നും ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ വ്യക്തമാക്കി.
“സാധനങ്ങൾ വാങ്ങുക, പണം നൽകുക, വിലാസം നൽകുക, വീടിന് പുറത്തുള്ള ഒരാളോട് ഇടപഴകുക എന്നിവ പോലെ, മുമ്പ് കുടുംബത്തിലൂടെ മാത്രം നടന്നിരുന്ന കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കാൻ ആപ്പുകൾ ഇപ്പോൾ കുട്ടികളെ അനുവദിക്കുന്നു. കുട്ടികൾ ആപ്പുകൾ എങ്ങനെ ഉപയോഗിക്കുന്നു എന്നത് മാത്രമല്ല പ്രശ്നം. അവർ ഓർഡർ ചെയ്യുന്നതും കൈപ്പറ്റുന്നതും എന്താണ് എന്നതു കൂടിയാണ്. സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള ബോധവും പരിചയവും ഉണ്ടാകുന്നതിന് മുമ്പ് അവർക്ക് ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നുണ്ടോ എന്നതും ശ്രദ്ധിക്കണം’ -ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഹനാദി സാലിഹ് അൽ യാഫെ പറഞ്ഞു,
ഏതൊരു പർച്ചേസും ഡെലിവറിയും കുടുംബത്തിന്റെ അറിവോടും അനുവാദത്തോടും കൂടിയായിരിക്കണം. കുട്ടികൾ ഉപയോഗിക്കുന്ന ഉപകരണങ്ങളിലെ ആപ്പ് ക്രമീകരണങ്ങൾ പരിശോധിക്കുകയും ബാങ്ക് കാർഡ് വിവരങ്ങൾ സേവ് ചെയ്യുന്നത് ഒഴിവാക്കുകയും വേണം. സുരക്ഷാ ക്രമീകരണങ്ങളില്ലാതെ പെട്ടെന്നുള്ള പേയ്‌മെന്റ് ഓപ്ഷനുകൾ നൽകുന്നത് ഒഴിവാക്കണമെന്നും ഓർഗനൈസേഷൻ കുടുംബങ്ങൾക്ക് നിർദേശം നൽകി.













































